റോഡരികുകളിൽ കാടുകയറി; കാൽനട യാത്രക്കാർക്ക് ഇടമില്ല
1489206
Sunday, December 22, 2024 7:07 AM IST
ഏറ്റുമാനൂർ: റോഡരികുകൾ കാടുകയറിയ നിലയിൽ. കാൽനട യാത്രക്കാരുടെ യാത്ര ദുരിതത്തിൽ. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ സ്ഥിതിയാണ് വളരെ മോശമായിരിക്കുന്നത്. പഞ്ചായത്ത് റോഡുകൾ പലയിടത്തും വല്ലപ്പോഴുമെങ്കിലും കാടുകൾ വെട്ടിത്തെളിക്കുന്നുണ്ട്. എങ്കിലും കാടുകയറിയ നിലയിലുള്ള റോഡുകളുമുണ്ട്.
യൂണിവേഴ്സിറ്റി - അമലഗിരി റോഡ്, അമ്മഞ്ചേരി - മെഡിക്കൽ കോളജ് റോഡ്, ഏറ്റുമാനൂർ - നീണ്ടൂർ റോഡ്, ഏറ്റുമാനൂർ - പാലാ റോഡ് തുടങ്ങി പ്രധാന റോഡുകളുടെ പല ഭാഗങ്ങളിലും റോഡരികിലെ കാട് റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന നിലയിലാണ്.
വാഹനത്തിരക്കേറിയ റോഡുകളിൽ കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ ഇടമില്ലാതാകുന്നത് അപകടങ്ങൾക്ക് ഇടയാക്കും. പല ഭാഗങ്ങളിലും ജീവൻ പണയംവച്ചാണ് കാൽനടക്കാരുടെ സഞ്ചാരം. റോഡരികുകളിലെ കാടുകൾ വെട്ടിത്തെളിച്ച് സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.