സ്കൂട്ടറുകൾ മാറിയെടുത്തവർ പോലീസ് സ്റ്റേഷനിലെത്തി വണ്ടികള്‍ കൈമാറി
1489219
Sunday, December 22, 2024 7:18 AM IST
കടുത്തുരുത്തി: തിരക്കിനിടെ വണ്ടി മാറി എടുത്തുകൊണ്ട പോയ ഉടമസ്ഥര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തി സ്വന്തം വണ്ടികള്‍ കൈപ്പറ്റി. ഇന്നലെ വൈകുന്നേരം കടുത്തുരുത്തിയിലാണ് സംഭവം. രണ്ടുപേരും ആപ്പുഴ തീരദേശ റോഡിലെ മീന്‍കടയില്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു.
തിരക്കിനിടെ രണ്ടുപേരും തങ്ങളുടെ ആക്റ്റീവ സ്കൂട്ടറുകള് കടയുടെ സമീപത്തെ റോഡരികില്‍ അടുത്തടുത്തായി പാര്‍ക്ക് ചെയ്തു. രണ്ടുപേരും വണ്ടികളില്‍ നിന്നും താക്കോല്‍ എടുത്തിരുന്നില്ല. രണ്ടുപേരുടെയും സ്കൂട്ടുറുകളുടെ നിറവും ഒന്ന് തന്നെയായിരുന്നു. ആദ്യം വന്ന മങ്ങാട് സ്വദേശി മത്സ്യം വാങ്ങിയ ശേഷം സ്വന്തം വണ്ടിയാണെന്ന് കരുതി മറ്റേയാളുടെ സ്കൂട്ടറും എടുത്ത് വീട്ടിലേക്കു മടങ്ങി.
രണ്ടാമത്തെയാള്‍ മത്സ്യം വാങ്ങി വന്നപ്പോളാണ് തന്റെ വണ്ടിയുമായി മറ്റേയാള്‍ പോയ കാര്യം മനസ്സിലാക്കുന്നത്. അറിയാതെയാണ് വണ്ടി കൊണ്ടു പോയതെന്നും ജില്ലാ ബാങ്കിന്റെ കളക്ഷനെടുക്കുന്ന ഇദേഹത്തിന് മനസിലായി. കടയില്‍ കാര്യം പറഞ്ഞ ശേഷം ഇദേഹം ഈ വണ്ടിയുമെടുത്ത് ടൗണിലെ ശേഷിക്കുന്ന കളക്ഷനെടുക്കുന്നതിനായി പോയി. ആദ്യം പോയ ആള് വീട്ടിലെത്തിയപ്പോഴാണ് വണ്ടി മാറിയെടുത്ത കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു.
ഇതിനിടെ വണ്ടി മാറി കൊണ്ടു പോയ ആള് തന്റെ സ്കൂട്ടറുമായി സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ രണ്ടാമത്തെയാളും പോലീസിന്റെ സാന്നിധ്യത്തില്‍ സ്വന്തം സ്കൂട്ടറുകള് കൈപ്പറ്റി മടങ്ങി.