വാഴൂര്‍ നക്ഷത്ര ജലോത്സവത്തിന് നാളെ തുടക്കം
1489083
Sunday, December 22, 2024 5:48 AM IST
വാഴൂര്‍: ഗ്രാമീണ ടൂറിസം പദ്ധതിയായ വാഴൂര്‍ നക്ഷത്ര ജലോത്സവം നാളെ ആരംഭിക്കും. വൈകുന്നേരം 4.30ന് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വാഴൂര്‍ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർഥപാദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും.
വാഴൂര്‍ പഞ്ചായത്ത് പഞ്ചായത്തിലെ വലിയതോട്ടിലെ പൊത്തന്‍പ്ലാക്കല്‍ ചെക്ക്ഡാമില്‍ മൂന്നുവര്‍ഷമായി നക്ഷത്ര ജലോത്സവം സംഘടിപ്പിക്കുന്നു. കുട്ടവഞ്ചി യാത്രയും വള്ളവും കയാക്കിംഗും ഊഞ്ഞാലാട്ടവും കുതിരസവാരിയും ജലോത്സവത്തിന്റെ ഭാഗമായിയുണ്ടാകും.
തടയണയിലെ ജലലഭ്യത പ്രയോജനപ്പെടുത്തിയാണ് വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.
കര്‍ണാടകയിലെ ഹോഗനക്കലില്‍ നിന്നാണ് കുട്ടവഞ്ചി എത്തിച്ചിരിക്കുന്നത്. ഇത്തവണ വെള്ളത്തില്‍ തന്നെ ഊഞ്ഞാലാടാനുള്ള സൗകര്യവുമുണ്ട്. സോപാനസംഗീതം, ദഫ്മുട്ട്, കരോള്‍ ഗാനമത്സരം, വയോജനങ്ങളുടെ കലാമേള, തിരുവാതിര, കൈകൊട്ടിക്കളി,
മ്യൂസിക്കല്‍ ഫ്യൂഷന്‍, പാഞ്ചാരിമേളം, ഗാനമേളകള്‍ എന്നീ കലാപരിപാടികള്‍ക്കൊപ്പം നക്ഷത്ര ജലോത്സവത്തിന് എത്തുന്നവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ആര്‍ക്കും പാടാം ആടാം അഭിനയിക്കാം എന്ന പദ്ധതിയും ക്രമീകരിച്ചിട്ടുണ്ട്.