കിര്ഫിൽ പത്താംറാങ്ക് നേടി പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ്
1489089
Sunday, December 22, 2024 5:58 AM IST
പാലാ: എന്‍ഐആര്‍എഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കു ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് സംവിധാനത്തില്‍ പ്രഥമ റാങ്കുകള്‍ പ്രഖ്യാപിച്ചതില്‍ പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ് (ഓട്ടോണമസ്) സംസ്ഥാനത്ത് പത്താം റാങ്ക് നേടി മികവ് തെളിയിച്ചു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാനും സഹായമാകാന്‍ സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് കിര്‍ഫ് റാങ്കിംഗ്.
സെന്റ് ജോസഫിന് ഓട്ടോണമസ് പദവിയും നാക് ആദ്യ സൈക്കിളില്‍ എ ഗ്രേഡും ലഭിച്ച ഈ വര്‍ഷം തന്നെ കിര്ഫിൽ പത്താം റാങ്ക് നേടാനായത് കോളജിന്റെ മികവിന്റെ നേര്‍സാക്ഷ്യമാണെന്ന് കോളജ് ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍ പറഞ്ഞു.
കോളജ് നാളിതുവരെ വച്ചുപുലര്‍ത്തിയിട്ടുള്ള മികവുകള്‍ കൂടുതല്‍ ഫലപ്രദമായി വിദ്യാര്‍ഥികളിലേക്ക് എത്താനുള്ള അവസരമായി ഈ നേട്ടത്തെ നോക്കിക്കാണുന്നുവെന്ന് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു.
മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസഫ് പുരയിടത്തില്‍ എന്നിവര്‍ കോളജില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ പ്രസംഗിച്ചു.