കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം : ഉറ്റ ബന്ധുക്കള്‍ കൂറുമാറിയപ്പോൾ സാക്ഷിമൊഴികള്‍ നിര്‍ണായകമായി
1489076
Sunday, December 22, 2024 5:48 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന് (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരെ കുടുംബവീട്ടിലുണ്ടായ തര്‍ക്കത്തിനിടെ രഞ്ജുവിന്റെ സഹോദരൻ ജോര്‍ജ് കുര്യന് വെടിവച്ചു കൊന്ന കേസിൽ ദൃക്സാക്ഷികളായ എസ്റ്റേറ്റിലെ റൈറ്റര്‍ വില്‍സണ്‍, വീട്ടിലെ ഡ്രൈവര്‍ മഹേഷ്, വീട്ടുജോലിക്കാരി സുജ എന്നിവരുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
പ്രതിയുടെ വാട്സാപ്പ് ചാറ്റുകളും മറ്റ് ശാസ്ത്രീയത്തെളിവുകളും സാഹചര്യ തെളിവുകളും ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബാലിസ്റ്റിക് എക്സ്പേര്‍ട്ടായ എസ്.എസ്. മൂര്‍ത്തിയുടെ മൊഴിയും അതേലാബിലെ ഡോ. എ.കെ. റാണയുടെ മൊഴിയും കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായി.
കേസില്‍ പ്രതിയുടെ ഉറ്റ ബന്ധുക്കള്‍ കൂറുമാറിയെങ്കിലും വീട്ടിലെ ആശ്രിതരായിരുന്ന തൊഴിലാളികളുടെ മൊഴിയും അതോടൊപ്പം സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൂട്ടിയിണക്കി പ്രതിതന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചു.
കൊലപാതകം നടന്ന് 85 ദിവസത്തിനകംതന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്നത്തെ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ആയിരുന്ന റിജോ പി. ജോസഫ്, മുണ്ടക്കയം എസ്എച്ച്ഒയായിരുന്ന ഷൈന്‍കുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടന് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
""ഞങ്ങളുടെ വേദന ആര്‍ക്കും മനസിലാവില്ല''
കോട്ടയം: തോക്കുകൊണ്ടല്ല ഒന്നും പരിഹരിക്കേണ്ടത്. ഞങ്ങള്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് എത്ര പറഞ്ഞാലും ആര്‍ക്കും മനസിലാവില്ല. 78 വയസുള്ളയാളെയാണ് അതിക്രൂരമായി കൊന്നത്. വിധി കേള്‍ക്കാനെത്തിയ മാത്യുവിന്റെ പെണ്മക്കളായ അന്നു മാത്യുവും അഞ്ജു മാത്യുവും കണ്ണീരോടെ പറഞ്ഞു. നീതി കിട്ടി. വിധിയില്‍ സന്തോഷമുണ്ട്.
ഞങ്ങളുടെ അമ്മയുടെ അവസ്ഥ അത്രയേറെ സങ്കടകരമാണ്. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായാല്‍ തോക്കെടുക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്ന് പുതുതലമുറയെങ്കിലും മനസിലാക്കണമെന്നും ഇരുവരും പറഞ്ഞു. നാലു പെണ്മക്കളാണ് ജോര്‍ജിനുള്ളത്. വിചാരണ തുടങ്ങിയപ്പോള്‍മുതല്‍ അന്നുവും അഞ്ജുവും പതിവായി കോടതിയില്‍ എത്തിയിരുന്നു. ശിക്ഷിക്കുമ്പോഴുള്ള പിഴത്തുക വേണ്ടെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.
കൂസലില്ലാതെ പ്രതി
കോട്ടയം: എന്താകും വിധിയെന്ന് പ്രതീക്ഷിച്ചപോലെയായിരുന്നു ജോര്‍ജ് കുര്യന്റെ കോടതിയിലെ പെരുമാറ്റം. വിധിയറിയാനെത്തിയപ്പോഴുണ്ടായിരുന്ന അതേ ചിരിക്ക് വിധി കേട്ടശേഷവും മാറ്റമില്ലായിരുന്നു. പോലീസുകാരെയും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും ചിരിച്ച് അഭിവാദ്യം ചെയ്തു. വിധികേള്‍ക്കാനെത്തിയ മകനെ അരികില്‍ ചേര്‍ത്തിരുത്തി ഏറെനേരം സംസാരിച്ചു.
ഇരട്ടക്കൊലയിലേക്കു നയിച്ചതു സ്വത്തുതര്‍ക്കം
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വിവാദ ഇരട്ടക്കൊലയിലേക്കു പ്രതിയെ നയിച്ചതു സ്വത്തുതര്‍ക്കം. സഹോദരന് കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന് (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരെയാണ് കുടുംബവീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ജോര്‍ജ് കുര്യന് വെടിവച്ചു കൊന്നത്.
കൊച്ചിയിലെ ബിസിനസിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ കുടുംബവിഹിതത്തില്നിന്നു 2.33 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവദിവസം സഹോദരനും അമ്മാവനും വീട്ടിലുണ്ടെന്ന് ഉറപ്പിച്ചശേഷം കുടുംബവീട്ടിലെത്തി വാതില്‍ തുറന്നയുടന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
2022 മാര്‍ച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ബംഗളൂരുവില്‍ താമസിക്കുന്ന സഹോദരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് കേസില്‍ നിര്‍ണായക തെളിവായി.