യാത്രാത്തിരക്കേറിയ സമയത്ത് കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി
1489090
Sunday, December 22, 2024 5:58 AM IST
പാലാ: വളരെ യാത്രാത്തിരക്കുള്ള ക്രിസ്മസ്-പുതുവര്‍ഷ സീസണില്‍ ദീർഘദൂര സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി പാലാ ഡിപ്പോ.
പാലാ ഡിപ്പോയിൽനിന്നു പത്തു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തി വന്നിരുന്ന പാലാ-കൊന്നക്കാട് സര്‍വീസ് 24 മുതൽ അവസാനിപ്പിക്കുകയാണ്. റിസര്‍വേഷന്‍ ചാര്‍ട്ടില്‍നിന്ന് ഈ ഷെഡ്യൂള്‍ ഒഴിവാക്കുകയും ചെയ്തു.
ചീഫ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.
അടുത്ത കാലത്തായി അഞ്ച് ദീര്‍ഘദൂര സര്‍വീസുകളാണ് ഓരോ കാരണം പറഞ്ഞ് പാലായില്‍ നിന്നും നിര്‍ത്തലാക്കിയിട്ടുള്ളത്. പാലാ-ചെറുപുഴ, പാലാ-മാനന്തവാടി, പാലാ-അമ്പായത്തോട്, പാലാ-പഞ്ചിക്കല്‍, പാലാ-പെരിക്കല്ലൂര്‍ എന്നീ ദീര്‍ഘദൂര സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.
നിരവധി പരീക്ഷാ പരിശീലന കേ ന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള പാലാ മേഖലയില്‍ ദീര്‍ഘദൂര യാത്രാ ആവശ്യം സാധ്യമാക്കുന്നതില്‍ ഡിപ്പോ അധികൃതര്‍ കാണിക്കുന്ന നിരുത്തരവാദപരമായ നടപടിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പാലായില്‍ നിന്നുമുള്ള ചെയിന്‍ സര്‍വീസുകളിലും ട്രിപ്പ് മുടക്കം പതിവാക്കിയിരിക്കുകയാണ്.
മുടക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി ഉണ്ടാകണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം മാനേജിംഗ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
നിരവധി ഔദ്യോഗിക വേദികളില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.