വഴിയോര വിശ്രമകേന്ദ്രം "ബ്രേക്കാ'യി
1453695
Tuesday, September 17, 2024 12:08 AM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം ഏതാനും മാസം പ്രവര്‍ത്തിച്ചെങ്കിലും കരാറുകാരന് നിര്‍ത്തിപ്പോവുകയായിരുന്നു.
കരൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിശ്രമകേന്ദ്രം നാല്പതു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതാണ്. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണ് ഈ കെട്ടിടം. കുട്ടികള്‍ക്ക് കളിക്കുന്നതിനും ആനന്ദിക്കുന്നതിനും ഊഞ്ഞാല് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഇതൊക്കെ തുരുമ്പെടുത്ത് നശിക്കുന്ന നിലയിലാണ്.
കുടുംബശ്രീക്കാരെ വിശ്രമകേന്ദ്രം ഏല്‍പ്പിച്ചാല്‍ നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നു നാട്ടുകാര്‍ പറഞ്ഞു.