സ്വകാര്യ ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും നെയിം ബോര്‍ഡ്
1453692
Tuesday, September 17, 2024 12:08 AM IST
കോട്ടയം: സ്വകാര്യ, സ്കൂള്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് യൂണിഫോമും ഷര്‍ട്ടില്‍ പേരും തസ്തികയും ലൈസന്‍സ് നമ്പറും ഉള്‍പ്പെടുന്ന നെയിം ബോര്‍ഡും നിര്‍ബന്ധമാക്കി.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ബസ് ജീവനക്കാര്‍ക്കും നെയിം ബോര്‍ഡുണ്ടാകും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മാനദണ്ഡപ്രകാരം യൂണിഫോം ധരിക്കുന്നുണ്ടോ എന്നറിയാന്‍ സ്ക്വാഡ് പരിശോധനയ്ക്കും മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുകയാണ്. പോക്കറ്റിനു മുകളില്‍ ക്ലിപ്പ് ചെയ്യേണ്ട നെയിം പ്ലേറ്റും പരിശോധനാ പരിധിയില്‍ വരും.
സ്വകാര്യ ബസ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും നെയിം ബോര്‍ഡ് ധരിക്കണമെന്ന ഉത്തരവിന് 12 വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും നടപ്പാക്കാനായിട്ടില്ല. 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രക്കാര്‍ക്ക് മോശം അനുഭവമുണ്ടായാല്‍ പരാതിപ്പെടാന്‍ നെയിം പ്ലേറ്റ് പ്രയോജനപ്പെടുമെന്നതിനാലാണ് നിയമം കൊണ്ടുവന്നത്. ബസ് ജീവനക്കാരുടെ ലൈസന്‍സ് സാധുവാണോ എന്നതും പരിശോധനാ പരിധിയില്‍ വരും.