സിഐഎസ്സിഇ നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 17 മുതല്‍ 21 വരെ മാന്നാനം കെഇ സ്കൂളില്‍
1453691
Tuesday, September 17, 2024 12:08 AM IST
കോട്ടയം: ഐസിഎസ്ഇ, ഐഎസ്ഇ സ്കൂള്‍ ബോര്‍ഡ് (സിഐഎസ്സിഇ) നടത്തുന്ന ദേശീയ കായിക മത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആതിഥേയത്വം വഹിക്കും. 17ന് ആരംഭിക്കുന്ന മത്സരം 21നു സമാപിക്കും.
രാജ്യത്തെ 13 റീജണുകളില്‍നിന്നും ദുബായിലെ ഒരു റീജണില്നിന്നുമായി അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി 41 ടീമുകള്‍ പങ്കെടുക്കും. എംജി യൂണിവേഴ്സിറ്റിയില്‍ പുതുതായി നിര്‍മിച്ച ഫുട്ബോള്‍ ഗ്രൗണ്ടിലും മാന്നാനം കെഇ കോളജ് ഗ്രൗണ്ടിലുമായി നടത്തുന്ന മത്സരങ്ങളില്‍ 800ല്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 18നു വൈകുന്നേരം അഞ്ചിനു മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പതാക ഉയര്‍ത്തും. മോന്‍സ് ജോസഫ് എംഎല്‍എ, സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോഓര്‍ഡിനേറ്ററും കെഇ സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ തുടങ്ങിയവർ പ്രസംഗിക്കും.
21നു വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിഷ്യാള്‍ ഫാ. ആന്റണി ഇളംതോട്ടം സിഎംഐ അധ്യക്ഷത വഹിക്കും. സിഐഎസ്സിഇ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ് സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവേല്‍, മാന്നാനം സെന്റ് ജോസഫ്സ് തീര്‍ഥാടനകേന്ദ്രം പ്രിയോര്‍ റവ.ഡോ. കുര്യന് ചാലങ്ങാടി സിഎംഐ പ്രസംഗി ക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും തെള്ളകം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്തും മത്സരവിജയികള്‍ക്ക് ട്രോഫികളും മെഡലും വിതരണം ചെയ്യും. റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ഫാ. ഷൈജു സേവ്യര്‍ സിഎംഐ തുടങ്ങിയവർ പ്രസംഗിക്കും. യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ 20, 21 തീയതികളില്‍ നടക്കുന്ന സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍നിന്നും എസ്ജിഎഫ്ഐ ഖേലോ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കും.
17 മുതല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ദുബായിയില്‍നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാര്‍ഥികളും പരിശീലകരും മാനേജര്‍മാരും 22നു മടങ്ങും. ഇവര്‍ക്കുള്ള താമസസൗകര്യവും കെഇ സ്കൂളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സിഐഎസ്സിഇ കേരള റീജൺ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോഓര്‍ഡിനേറ്ററും കെഇ സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, കെഇ സ്കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ റോയി മൈക്കിള്‍, ജനറല്‍ കണ്‍വീനര്‍ ടി. ഷബീറ, ബെച്ചന് എസ്. നാഥ്, സോണിയ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.