എരുമേലി-ശബരി പാതയ്ക്ക് സാധ്യത മങ്ങി; ചെങ്ങന്നൂർ-പമ്പ ട്രെയിനെത്തും
1453690
Tuesday, September 17, 2024 12:08 AM IST
കോട്ടയം: ചെങ്ങന്നൂര്‍-പമ്പ റെയില്‍പാതയ്ക്ക് അനുമതി നല്‍കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ എരുമേലി ശബരിപാത പദ്ധതി ഉപേക്ഷിക്കാനും സാധ്യത. ഇതോടെ ഇടുക്കി ജില്ല റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. അങ്കമാലിയില്‍നിന്നു തൊടുപുഴ വഴി എരുമേലിയിലേക്ക് 1998ല്‍ വിഭാവനം ചെയ്ത പദ്ധതി അലൈന്മെന്റ്, സ്ഥലമെടുപ്പ് തുടങ്ങിയവയിലുണ്ടായ തടസങ്ങള്‍ കാരണം ഇഴയുകയാണ്. 25 വര്‍ഷമായി ബജറ്റില്‍ തുക വകയിരുത്തുന്ന പദ്ധതിയുടെ ചെലവുവര്ധനയും ശബരിപാത ഒഴിവാക്കാന്‍ മറ്റൊരു കാരണമാണ്.
അങ്കമാലിയില്‍നിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ 14 സ്റ്റേഷനുകള്‍ പിന്നിട്ട് എരുമേലിയിലെത്തുന്ന പാത കോട്ടയം ജില്ലയ്ക്കും എരുമേലി തീര്‍ഥാടകര്‍ക്കും കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ നേട്ടമായിരുന്നു.
മണിക്കൂറില്‍ 200 കി.മീ. വരെ വേഗമെടുക്കാവുന്ന ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്കുള്ള അലൈന്മെന്റും എസ്റ്റിമേറ്റും ദക്ഷിണ റെയില്‍വേ കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. അഞ്ചു വര്‍ഷംകൊണ്ടു പൂര്‍ത്തിയാകുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് 6,480 കോടി രൂപയാണ്. ഇരട്ടപ്പാത പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 7208.24 കോടിയാകും.
പരമാവധി വേഗം 200 കിലോമീറ്ററാകും. പദ്ധതിക്കായി 213.687 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. 14.34 കി.മീ. നീളമുള്ള 20 തുരങ്കങ്ങളും 14.523 കി.മീ. നീളമുള്ള 22 പാലങ്ങളും ഉള്‍പ്പെടും. 81.367 ഹെക്ടര്‍ പമ്പ വനത്തിലൂടെയാണ് കടന്നുപോകുക. 59.23 കിലോമീറ്ററാണ് നീളം. ചെങ്ങന്നൂര്‍, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് സ്റ്റേഷനുകള്‍.