കൂവപ്പള്ളി-ഇടക്കുന്നം റോഡ് ഉദ്ഘാടനം നാളെ
1453683
Tuesday, September 17, 2024 12:08 AM IST
പാറത്തോട്: സംസ്ഥാന പൊതുമരാത്തുവകുപ്പിൽനിന്ന് അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കൂവപ്പള്ളി-ഇടക്കുന്നം റോഡിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കൂവപ്പള്ളി, കാരികുളം, സിഎസ്ഐ, ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്. പാറത്തോട് പഞ്ചായത്തിന്റെ ഉൾപ്രദേശ വാർഡുകളായ ഏഴ്, എട്ട്, ഒന്പത്, 10, 11, 12 വാർഡുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഈ റോഡ് പാറത്തോട് നിന്ന് എരുമേലി ഭാഗത്തേക്കുള്ള എളുപ്പവഴിയെന്ന നിലയിൽ ശബരിമല തീർഥാടകർക്കും ഉപകാരപ്രദമാകും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഏറെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലും കൂടാതെ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ ഉൾപ്പെടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ റോഡിന്റെ നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് അഞ്ചു കോടി രൂപ അനുവദിപ്പിച്ചതെന്ന് എംഎൽഎ അറിയിച്ചു.
ഇടക്കുന്നം വാരിക്കാട്ട് കവലയിൽ നടക്കുന്ന സമ്മേളനത്തിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജൻ കുന്നത്ത്, ടി.ജെ. മോഹനൻ, ഡാനി ജോസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ-മത നേതാക്കൾ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും.