ഓഫീസ് ഉപരോധിച്ചു ധര്‍ണ നടത്തി ഐഎന്‍ടിയുസി : നഗരസഭാ ശുചീകരണ തൊഴിലാളികൾക്ക് ഓണം ആനുകൂല്യങ്ങൾ ലഭിച്ചില്ല
1453588
Sunday, September 15, 2024 6:35 AM IST
കോട്ടയം: കോട്ടയം നഗരസഭയില്‍ 200 ല്‍പ്പരം ശുചീകരണ തൊഴിലാളികളുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് തുടങ്ങിയ ആനുകുല്യങ്ങള്‍ ഉദ്യോഗസ്ഥ അനാസ്ഥമൂലം ലഭിക്കാതെവന്നതിനെത്തുടര്ന്ന് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ നഗരസഭ ഓഫീസ് ഉപരോധിച്ചു ധര്‍ണ നടത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.എ. ഷാജി അധ്യക്ഷത വഹിച്ചു. നന്ദിയോട് ബഷീര്‍, ബിജു ഇമ്മാനുവല്‍, ഗോപാലകൃഷ്ണന് ചെട്ടിയാര്‍, യൂനുസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഒപ്പിടേണ്ട അഡ്വാൻസിന്റെയും അലവൻസിന്റെയും ഫയൽ ഒപ്പിടാതെ സെക്രട്ടറി പോകുകയായിരുന്നുവെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി. ഇനി ബുധനാഴ്ചയേ ഓഫീസ് തുറക്കുകയുള്ളൂ.
സെക്രട്ടറി ഉൾപ്പെടെയുളള ജീവനക്കാരുടെ അനാസ്ഥ മൂലം തൊഴിലാളികൾക്ക് ഓണം ആഘോഷിക്കാൻ പറ്റാത്ത അവസ്ഥായണെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് കുറ്റപ്പെടുത്തി.