പ്രളയദുരന്തം മറന്ന് അവർ ഒന്നിച്ചുണ്ണും: ഓണസദ്യ ഒരുക്കി വെംബ്ലി നിവാസികൾ
1453361
Saturday, September 14, 2024 11:14 PM IST
മുണ്ടക്കയം: പ്രളയ ദുരന്തത്തിന്റെ ഓർമകൾക്ക് വിട നൽകി കൊക്കയാർ ഗ്രാമവും ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. നാടാകെ ഓണാഘോഷം നടക്കുമ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വെംബ്ലിയെന്ന കൊച്ചു ഗ്രാമം ഒന്നിച്ചു ചേർന്ന് ഓണസദ്യ ഒരുക്കി വ്യത്യസ്തമാവുകയാണ്.
2021ൽ ഉണ്ടായ പ്രളയത്തിൽ കൊക്കയാർ പഞ്ചായത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വ്യാപക നാശനഷ്ടവുമുണ്ടായി. പിന്നീട് നിരവധി ആഘോഷങ്ങൾ നടന്നെങ്കിലും ഇവിടുത്തെ ആളുകൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരവ് ഏറെ പ്രയാസകരമായിരുന്നു.
പ്രകൃതിദുരന്തങ്ങൾ അടിക്കടി മനുഷ്യജീവനുകൾ കവരുമ്പോൾ ജീവിതത്തിലെ ആഘോഷങ്ങൾ മാറ്റിവയ്ക്കേണ്ട എന്ന തിരിച്ചറിവോടുകൂടിയാണ് വെംബ്ലി ഗ്രാമം ബൃഹത്തായ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. 300 ഓളം ആളുകൾ ഇതിൽ അംഗങ്ങളായി. നിരവധി ചര്‍ച്ചകള്‍ ഗ്രൂപ്പിലൂടെ ഒഴുകിയെത്തിയതോടെ 17ന് ഓണാഘോഷം നടത്താന്‍ തീരുമാനിച്ചു. രാജേഷ് രാജു സെക്രട്ടറിയും പ്രിയ രതീഷ് പ്രസിഡന്റുമായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനവും ആരംഭിച്ചു. ഓണാഘോഷത്തിനു ഗ്രാമോത്സവം 2024 എന്ന നാമകരണവും നടത്തി.
വെംബ്ലിയിലെ ഗ്രാമോത്സവത്തിന്റെ ഭാഗമായി വീടുകയറിയുള്ള പ്രചാരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 1500ാളം ആളുകള്‍ക്ക് സദ്യ ഒരുക്കിയാണ് ആഘോഷം പൊടിപൂരമാക്കുന്നത്. ഇതിനായി എല്ലാ സാധനങ്ങളും നാട്ടുകാര്‍ സ്പോണ്സര് ചെയ്തു കഴിഞ്ഞു. സാധനങ്ങളായും പണമായും സംഘാടകര്‍ ഏറ്റുവാങ്ങി തുടങ്ങിയിട്ടുണ്ട്. വെംബ്ലി കമ്യൂണിറ്റി ഹാളില്‍ സാധനങ്ങള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറും തയാറാക്കി കഴിഞ്ഞു.
കൂടാതെ ആഘോഷം ഒരുക്കുന്ന കമ്യൂണിറ്റി ഹാള്‍, പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലെ കാടുപിടിച്ചു കിടന്ന ഭാഗങ്ങള്‍ സൗജന്യമായി നാട്ടുകാരില്‍ ചിലര്‍ ഉപയോഗ യോഗ്യമാക്കി നൽകിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സദ്യയോടൊപ്പം നാടന്‍ കലാരൂപങ്ങളായ തുമ്പിതുള്ളല്‍, കുടം ഊതല്‍, വടംവലി, കലം തല്ലിപ്പൊട്ടിക്കല്‍ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. നല്ലോണം പൊന്നോണമാക്കുവാനുള്ള തയാറെടുപ്പിലാണ് വെംബ്ലി ഗ്രാമം.