വ്യാജ ടിടിഇ അറസ്റ്റിൽ
1453330
Saturday, September 14, 2024 6:50 AM IST
കോട്ടയം: ടിടിഇയുടെ വേഷം ധരിച്ച് ട്രെയിനിനുള്ളിൽ ടിക്കറ്റ് പരിശോധന നടത്തിയ യുവതിയെ റെയിൽവേ പോലീസ് പിടികൂടി. കൊല്ലം കാഞ്ഞവേലി മുതുകാട്ടിൽ റംലത്തിനെ(42) യാണ് കോട്ടയം റെയിൽവേ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാജ്യറാണി എക്സ്പ്രസ് ട്രെയിനിനുള്ളിലായിരുന്നു സംഭവം.
സതേൺ റെയിൽവേയുടെ ഐഡി കാർഡ് ധരിച്ച ഇവർ ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. സംശയം തോന്നിയ ടിടിഇ അജയകുമാർ ചോദ്യം ചെയ്തു. എന്നാൽ, ഇവർ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന്, കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ അടുക്കാറായതോടെ റെയിൽവേ എസ്എച്ച്ഒയെ ടിടിഇ അജയകുമാർ വിവരം അറിയിച്ചു.
പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ എസ്എച്ച്ഒ വിവരമറിയിച്ചതിനെത്തുടർന്ന്, വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.