മുട്ടപ്പള്ളിയിൽ ഗവൺമെന്റ് ആശുപത്രി ശിലാസ്ഥാപനം നടത്തി
1453116
Friday, September 13, 2024 11:50 PM IST
മുക്കൂട്ടുതറ: നിർമാണം ഏറ്റെടുത്ത കരാറുകാരൻ നിർമാണം ഉപേക്ഷിച്ചുപോയ സർക്കാർ ആശുപത്രിയുടെ നിർമാണത്തിന് വീണ്ടും ശിലാസ്ഥാപനം. ഇത്തവണ നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയ കൺസ്ട്രക്ഷൻ സ്ഥാപനത്തിനാണ് കരാർ നൽകിയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ.
നല്ലൊരു സർക്കാർ ആശുപത്രി വേണമെന്ന ആഗ്രഹത്തിൽ നാട്ടുകാരനും നിർധനനുമായ ചൂണ്ടശേരി നാരായണൻ ശങ്കരനാണ് 74 വർഷങ്ങൾക്ക് മുമ്പ് തന്റെ 64 സെന്റ് സ്ഥലം പഞ്ചായത്ത് അധികൃതർക്ക് സൗജന്യമായി നൽകിയത്. ഇവിടെ കെട്ടിടം നിർമിച്ച് പ്രവർത്തിച്ചിരുന്ന ആശുപത്രി കെട്ടിടം ജീർണാവസ്ഥയിലായതോടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു നീക്കുകയും പുതിയ കെട്ടിടം നിർമിക്കാൻ 25 ലക്ഷം അനുവദിക്കുകയും ചെയ്തെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതിനാൽ നിർമാണം നടന്നിരുന്നില്ല. തുടന്നാണ് മൂന്ന് വർഷം മുമ്പ് ഒരാൾ ടെൻഡർ ഏറ്റെടുത് ശിലാസ്ഥാപനം നടത്തിയത്.
എന്നാൽ, നഷ്ടമാണെന്ന് അറിയിച്ച് കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു. ഇതോടെ ആദ്യഘട്ട നിർമാണം 25 ലക്ഷത്തിന്റെ ഫണ്ടിലാക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കി പുതിയ ടെൻഡർ നൽകിയതോടെയാണ് ഇപ്പോൾ വീണ്ടും ശിലാസ്ഥാപനം നടന്നിരിക്കുന്നതെന്ന് വാർഡ് അംഗം എം.എസ്. സതീശ് പറഞ്ഞു. നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി നിർവഹിച്ചു.
നിലവിൽ മൂന്ന് വർഷമായി സമീപത്ത് വാടകക്കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.