പൂക്കളമൊരുക്കാന് കുടുംബശ്രീയുടെ പൂക്കള്‍
1452568
Wednesday, September 11, 2024 11:33 PM IST
കോട്ടയം: അത്തപ്പൂക്കളമൊരുക്കാന്‍ പൂക്കളുമായി കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ 105 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്തു വിളവെടുത്ത ബന്ദി, ജമന്തി പൂക്കളാണു വിപണിയില്‍ എത്തിക്കുന്നത്. കുടുംബശ്രീ സിഡിഎസുകളുടെ മേല്‍നോട്ടത്തില്‍ നടത്തിയ പൂക്കൃഷിക്ക് കൃഷിവകുപ്പ്, വിഎഫ്പിസികെ എന്നിവയുടെ സാങ്കേതിക സഹായവും കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഓണാഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മിതമായ നിരക്കില്‍ പൂക്കള്‍ എത്തിച്ചുനല്‍കും. ഇതിനായി അതതു പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുമായോ ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രി റിസോഴ്സ് പേഴ്സണ്മാരുമായോ ബന്ധപ്പെടാം.
തിരുവോണത്തോണി
ഇന്നു യാത്ര തിരിക്കും
കോട്ടയം: ആറന്മുളയിലേക്കു തിരുവോണ വിഭവങ്ങളുമായി കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുനിന്നുള്ള തോണി ഇന്നു യാത്രതിരിക്കും. തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായുള്ള തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ മങ്ങാട്ട് ഇല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മങ്ങാട്ട് ഇല്ലത്ത് എം.എന്‍. അനൂപ് നാരായണ ഭട്ടതിരിയാണ് ചുരുളന്‍ വള്ളത്തില്‍ യാത്രതിരിക്കുന്നത്.
ഇന്നു രാവിലെ 11.30നു അനൂപ് നാരായണ ഭട്ടതിരിയുടെ യാത്ര ആരംഭിക്കും. ഇവിടെനിന്നും കാട്ടൂര്‍ക്കടവ് വരെ ചുരുളന്‍ വള്ളത്തിലാണ് യാത്ര. മൂന്നു പ്രധാന നദികളും തോടുകളും മൂന്നു രാത്രിയും പകലും പിന്നിട്ടാണ് യാത്ര അവസാനിക്കുന്നത്. കാട്ടൂരിലെത്തിയശേഷം തിരുവോണ തോണിയിലേക്കു യാത്ര മാറ്റും. ഉത്രാടം നാളില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നു തിരുവാറന്മുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയില്‍ കയറും. പള്ളിയോടങ്ങള്‍ അകമ്പടി സേവിക്കും.
തിരുവോണ നാളായ 15നു പുലര്‍ച്ചെ ആറന്മുളക്കടവിലെത്തും. കാട്ടൂര്‍ ക്ഷേത്രത്തില്‍നിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാനുമുന്പില് സമര്‍പ്പിക്കും.
തുടർന്നു ക്ഷേത്രത്തിലെ വിളക്കില്‍ ദീപം തെളിക്കും. തുടര്‍ന്നു എത്തിച്ചിരിക്കുന്ന വിഭവങ്ങള്‍ കൊണ്ടു ഭഗവാന് ഓണസദ്യ ഒരുക്കും.