ശബരി എയര്‍പോര്‍ട്ട്: വീണ്ടും വിജ്ഞാപനമിറക്കി
1452564
Wednesday, September 11, 2024 11:33 PM IST
കോട്ടയം: നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവളം സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായി തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റായിരിക്കും സാമൂഹികാഘാത പഠനം നടത്തുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനമുണ്ടാവുക. സ്ഥലം ഏറ്റെടുക്കാന്‍ 2023 ജനുവരി 23ന് ഇറക്കിയ ആദ്യ വിജ്ഞാപനം റദ്ദാക്കിയാണു സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താന്‍ ഏജന്‍സിയെ നിശ്ചയിച്ചതിലെയും പിഴവുകള്‍ ഉന്നയിച്ച് അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് മുന്‍ വിജ്ഞാപനം റദ്ദാക്കിയത്. വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ളതാണ് അയന ട്രസ്റ്റ്.
സ്വതന്ത്ര ഏജന്‍സി പ്രദേശവാസികളുടെ നിലപാടും ആക്ഷേപവും ആശങ്കയും ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ ശേഖരിശേഷം എയര്‍പോര്‍ട്ടിന് സ്ഥലവും സ്വത്തും വിട്ടുനല്‍കുന്നവരുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. മുന്‍പ് ഈ ചുമതല നടത്തിയ സമിതിയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്പ്പെട്ടതിനെയാണ് അയന ചോദ്യം ചെയ്തത്.
ചെറുവള്ളി എസ്റ്റേറ്റും സമീപഭൂമിയും ഉള്‍പ്പെടെ 2750 ഏക്കറാണ് (1000.28 ഹെക്ടര്‍) ഏറ്റെടുക്കുന്നത്. മുന്‍പ് നടത്തിയ നടപടികളില്‍ വീഴ്ചയുണ്ടെന്നും വിജ്ഞാപനത്തിനൊപ്പം പദ്ധതിരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖകൂടി പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ ലക്ഷ്യങ്ങള്‍, സമയക്രമം, ബജറ്റ് എന്നിവയുടെ വിവരങ്ങള്‍ പുതിയ പദ്ധതി രേഖയിലുണ്ട്.
സാമൂഹികാഘാത റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് തൃക്കാക്കര ഭാരത്മാതാ കോളജിനുള്ള നിര്‍ദേശം. കോളജിലെ സോഷ്യല്‍ വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് ടീം അടുത്തയാഴ്ച എരുമേലിയിലെത്തും. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം ഉള്‍പ്പെടെ 25 പദ്ധതികളുടെ സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയത് ഇതേ കോളജ് ടീമാണ്.