വണ്ടിപ്പേട്ട-പറാല്‍-കുമരങ്കരി റോഡ് യാത്ര അപകടാവസ്ഥയില്‍; നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍
1452539
Wednesday, September 11, 2024 7:16 AM IST
ചങ്ങനാശേരി: വണ്ടിപ്പേട്ട-പറാല്‍-കുമരങ്കരി റോഡ് യാത്ര അതീവ അപകടാവസ്ഥയില്‍. റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ചങ്ങനാശേരി നഗരത്തെ പറാല്‍, കുമരങ്കരി, വെളിയനാട് പ്രദേശങ്ങളുമായി ബന്ധിക്കുന്ന മൂന്നര കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. തകര്‍ന്ന റോഡിലെ ഗട്ടറില്‍ ബൈക്കുകള്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രക്കാര്‍ വീഴുന്നത് പതിവാണ്. ഈ റോഡിലൂടെ സ്ഥിരമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ഗട്ടറില്‍വീണ് നിയന്ത്രണംവിട്ടാൽ വാഹനങ്ങള്‍ പാടത്തെ ചെളിവെള്ളത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥയാണ്. കുമരങ്കരി, കുന്നങ്കരി, വാലടി, വെളിയനാട്, കൃഷ്ണപുരം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി ബസുകളും നിരവധി സ്കൂള്‍ബസും സഞ്ചരിക്കുന്ന റോഡാണിത്. പറാല്‍, കുമരങ്കരി പള്ളികള്‍, വിവേകാനന്ദാസ്കൂള്, എസ്എന്‍ഡിപി ശാഖാ മന്ദിരം, അറയ്ക്കല്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെത്താനുള്ള ഏകമാര്ഗവുമാണിത്.
റോഡ് തകര്ച്ചക്കെതിരേയും മാലിന്യങ്ങള്‍ തള്ളുന്നതിനെതിരേയും പറാല്‍ നിവാസികള്‍ കഴിഞ്ഞ ജൂണ്‍ 23ന് തെരുവിലിറങ്ങിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനൊപ്പം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നവര്‍ക്കെതിരേയും സാമൂഹിക വിരുദ്ധര്ക്കെതിരേയും കര്‍ക്കശ നടപടി ആവശ്യപ്പെട്ടുമാണ് നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ചത്.
റോഡ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കാത്തപക്ഷം രണ്ടാംഘട്ട സമരപരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ആലോചിക്കുകയാണ് പ്രദേശവാസികൾ. ഇവിടുത്തെ പാടശേഖരങ്ങളില്‍ പൂത്തുലഞ്ഞുനില്ക്കുന്ന താമര, ആമ്പല്‍പ്പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ക്കും റോഡ് ദുരിതപര്‍വമാണ്.