പോളക്കൂട്ടത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളി ദമ്പതികളെ കരയ്ക്കെത്തിച്ചു
1452244
Tuesday, September 10, 2024 7:03 AM IST
കുമരകം: വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനായി ചെറുവള്ളത്തിൽ പുറപ്പെട്ട ദമ്പതികളായ മത്സ്യ ത്തൊഴിലാളികൾ പോളക്കൂട്ടത്തിൽ കുടുങ്ങി.
ഇന്നലെ ഉച്ചസമയത്തെ കൊടുംചൂടിൽ കാറ്റടിച്ച് എത്തിച്ച പോളയാൽ ചുറ്റപ്പെട്ട വള്ളത്തിൽ ചലനമറ്റു കിടന്ന വയോധിക ദമ്പതികളെ കൂടുതൽ സമയം ഇതേനിലയിൽ കായലിൽ കിടത്തുന്നത് അപകടകരമാണെന്നു തിരിച്ചറിഞ്ഞു സമീപത്തെ ഗോകുലം റിസോർട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.
ഫയർഫോഴ്സിൽ അറിയിച്ചാൽ കോട്ടയത്തുനിന്നും അവർ എത്തിച്ചേരാൻ അരമണിക്കൂറെങ്കിലും വേണ്ടി വരുമെന്നതിനാലാണ് അവർ ഒരു ശ്രമം നടത്താൻ തീരുമാനിച്ചത്. ഇവരെ സഹായിക്കാൻ കുമരകം പോലീസുമെത്തി.
കുമരകം പോലീസ് സ്റ്റേഷനിലെ എസ്ഐ ഗിരീഷ്, സിപിഒ അനീഷ് എന്നിവരാണ് റിസോർട്ട് ജീവനക്കാർക്ക് പിന്തുണ നൽകിയത്.
ഗോകുലം റിസോർട്ട് ജീവനക്കാരുടെയും കുമരകം പോലീസിന്റെയും മാതൃകാപരമായ ഇടപെടൽകൊണ്ടു കുമരകം സ്വദേശികളും മത്സ്യത്തൊഴിലാളികളുമായ ദമ്പതികൾ കൂടുതൽ സമയം വെയിലേറ്റു തളരാതെ കരയ്ക്കെത്തിയത്.