ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ നടപടി വേണം: താലൂക്ക് വികസനസമിതി
1451858
Monday, September 9, 2024 5:34 AM IST
ചങ്ങനാശേരി: ഓണക്കാലത്ത് വിലക്കയറ്റം തടയാനും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്താനും കര്‍ശന നടപടി വേണമെന്നു താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന വേണമെന്നും വ്യാപാര സ്ഥാപനങ്ങളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും ഉപ്പേരി വറുക്കുന്ന എണ്ണയുടെ ഗുണനിലവാരം പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണക്കാലത്ത് ലഹരി പരിശോധന കര്‍ശനമാക്കാന്‍ പോലീസിനും എക്സൈസിനും യോഗം നിര്‍ദേശം നല്കി. ടിബി റോഡില്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്ന ലോറിയുടമയ്ക്ക് നോട്ടീസ് നല്‍കിയതായി പോലീസ് യോഗത്തില്‍ അറിയിച്ചു. നഗരത്തിലെ തെളിയാത്ത വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നഗരസഭയ്ക്കു യോഗം നിര്‍ദേശം നല്കി. വാഹനങ്ങള്‍ക്ക് അപകടഭീഷണിയാകുന്ന ബോട്ട്ജെട്ടിക്കുളത്തിന്റെ സംരക്ഷണ ഭിത്തി അടിയന്തരമായി നിര്‍മിക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
മാസങ്ങളായി ഹാജരാകാതിരുന്ന പോലീസും എക്സൈസും താലൂക്ക് വികസനന സമിതി യോഗത്തില്‍ ഹാജരായപ്പോള്‍ വിരലിലെണ്ണാന്‍പോലും ജനപ്രതിനിധികള്‍ എത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.
തെങ്ങണയിലുള്ള മാടപ്പള്ളി വില്ലജ് ഓഫീസിനു മുന്‍പിലുള്ള തോട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാത്തത്തില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ് മാടപ്പള്ളി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
തെങ്ങണ മുതല്‍ മാമ്മൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലേയും നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും മാമ്മൂട്-വെങ്കോട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിലുള്‍പ്പെടെ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടക്കെണിയാണെന്ന് അംഗങ്ങള്‍ യോഗത്തിലറിയിച്ചു. റെയില്‍വേ ബൈപാസ് ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി സ്വീകരിക്കാനും ഫ്രീ ലെഫ്റ്റ് ക്രമീകരിക്കാനും തീരുമാനിച്ചു.
താലൂക്ക് സഭാംഗം ജോസി കല്ലുകളം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ലിനു ജോബ്, എ.ആര്. രഘുദാസ്, ജോൺ മാത്യു മൂലയില്‍, ഗോപാലകൃഷ്ണന്, ജയിംസ് കാലാവടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.