പരിശുദ്ധ ദൈവമാതാവ് കനൽവഴികളിലൂടെ സഞ്ചരിച്ചവൾ: മലങ്കര മെത്രാപ്പോലീത്ത
1451855
Monday, September 9, 2024 5:34 AM IST
മണർകാട്: കനൽവഴികളിലൂടെ സഞ്ചരിച്ചവളായിരുന്നു പരിശുദ്ധ ദൈവമാതാവെന്ന് മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്. കഷ്ടതയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകയാണ് പരിശുദ്ധ കന്യകമറിയം കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും എട്ടുനോമ്പ് പെരുന്നാളിലെ നടതുറക്കൽ ശുശ്രൂഷയ്ക്ക് പ്രധാനകാർമികത്വം വഹിച്ചിരുന്ന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്ക് അനാരോഗ്യംമൂലം ഇപ്രാവശ്യം ഇവിടെവരാന്‍ സാധിച്ചില്ല. ശ്രേഷ്ഠ ബാവായുടെ മനസിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന നല്ല അനുഭവങ്ങളുള്ള ദിനങ്ങളാണ് ഈ തീർഥാടന കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളതെന്നും ശ്രേഷ്ഠ ബാവായുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും മെത്രോപ്പോലീത്ത പറഞ്ഞു.
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുനാളിന്റെ പ്രധാനദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുർബാനയ്ക്കുശേഷം നമസ്കാര മേശയിൽ കാണിക്ക സമർപ്പിക്കാനുള്ള തളിക വച്ചു. ആദ്യ കാണിക്ക മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമർപ്പിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും കാണിക്ക സമർപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിനു പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. ഏബ്രഹാം കരിന്പന്നൂർ എന്നിവർ കാർമികത്വം വഹിച്ചു. റാസയ്ക്കുശേഷം നടന്ന ആശീർവാദത്തിനുശേഷം നേർച്ചവിളന്പും നടന്നു. തുടർന്ന് പൂർവിക പാരന്പര്യമനുസരിച്ച് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളികയെടുക്കൽ കർമവും നടന്നു.
നട അടയ്ക്കൽ ശുശ്രൂഷ 14ന്
മണർകാട്: ചരിത്ര പ്രസിദ്ധമായ എട്ടുനോന്പ് പെരുന്നാളിന്റെ പ്രധാന ദിനമായ ഇന്നലെ കത്തീഡ്രലിൽ അത്യഭൂതപൂർവമായ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ചു വര്‍ഷത്തിലൊരിക്കല്‍ വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. 14 വരെ വിശ്വാസികൾക്കു ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിന് അവസരമുണ്ട്.
14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് നട അടയ്ക്കൽ ശുശ്രൂഷ നടക്കുക. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമികത്വം വഹിക്കും. ഇന്നു രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലാധിപന്‍ ഏലിയാസ് മാർ യൂലിയോസും നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസും പ്രധാന കാർമികത്വം വഹിക്കും.