വികസന സമിതിയില്‍ ഫുള്‍ ഹാജര്‍; പീറ്റര്‍ പന്തലാനിയെ അഭിനന്ദിച്ചു
1451755
Sunday, September 8, 2024 11:50 PM IST
പാലാ: താലൂക്ക് വികസന സമിതി യോഗത്തില്‍ പീറ്റര്‍ പന്തലാനിക്ക് അഭിനന്ദനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി എല്ലാ യോഗത്തിലും ഹാജരായി മുഴുവന്‍ സമയം പങ്കെടുത്ത അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന വികസന സമിതി യോഗത്തില്‍ അഭിനന്ദിച്ചു. താലൂക്കിലെ വികസനകാര്യങ്ങളും പ്രശ്നങ്ങളും ഉന്നയിക്കുന്ന സുപ്രധാന യോഗമാണ് താലൂക്ക് വികസന സമിതി.
രാഷ്ട്രീയ ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് പീറ്റര്‍ പന്തലാനി. താലൂക്ക് സഭയില്‍ എംഎല്‍എ മാണി സി. കാപ്പനും കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമിതിയംഗങ്ങളും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ചില രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാറില്ലെന്ന ആക്ഷേപം ഉയരുമ്പോഴാണ് ഒരു സിറ്റിംഗ് ഫീസു പോലും ലഭിക്കാത്ത സമിതിയില്‍ പീറ്റര്‍ പന്തലാനി സ്ഥിരമായി പങ്കെടുത്ത് ജനകീയ വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്നത്.
പാലാ ജനറല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റിയംഗമാണ്. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യൽ സ്കൂള്‍ പിടിഎ പ്രസിഡന്റായും പാലാരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി ജനതാ പാര്‍ട്ടിയിലും ജനതാദളിലും പ്രവര്‍ത്തിച്ച് ഇപ്പോള്‍ രാഷ്ടിയ ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്.