മുറം നിറഞ്ഞ് പൂക്കള്‍; വിപണിതേടി കര്‍ഷകര്‍
1450882
Thursday, September 5, 2024 11:40 PM IST
കോട്ടയം: പൊന്നോണം കെങ്കേമമാക്കാന്‍ പൂകൃഷി ചെയ്ത കര്‍ഷകര്‍ വിപണി കണ്ടെത്താനാവാതെ നെട്ടോട്ടമോടുന്നു. ഓണത്തിന് വില്ക്കാന് ഏക്കര്‍ കണക്കിനു സ്ഥലങ്ങളിലാണ് കര്‍ഷകര്‍ പൂകൃഷി ചെയ്തത്. ബെന്തി, ചെണ്ടുമല്ലി, ജമന്തി, വാടാമുല്ല എന്നിവയാണ് കുടുംബശ്രീയും കര്ഷക്കൂട്ടായ്മകളും ഏറെയും നട്ടുവളര്‍ത്തിയത്.
മുന്‍വര്‍ഷങ്ങളില്‍ ഓണപ്പൂക്കളത്തിനായി തമിഴ്നാട്ടില്‍നിന്നുള്ള പൂക്കളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. ഇതു മാറി ഇവിടെയുള്ള കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കത്തക്കവിധം പഞ്ചായത്ത്, ബ്ലോക്ക്, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍,സ്വയം സഹായ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ തോതിലാണ് പൂകൃഷി ചെയ്തത്.
ഓണം സീസണില്‍ വില്പന നടത്തിയശേഷം അധികമുള്ള പൂക്കള്‍ കൃഷിഭവന് വഴി വിറ്റഴിക്കുമെന്നാണ് കൃഷിക്കാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍, പൂക്കാലമെത്തിയപ്പോള് ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. വിലയും തുശ്ചം. അതേസമയം വഴിയോരങ്ങളിലെ പൂക്കടകളില്‍ വിലക്കുറവുമില്ല. കൃഷിഭവനില്‍നിന്ന് മൂന്നു രൂപ മുതല്‍ നാലു രൂപ വരെ നിരക്കില്‍ തൈകള്‍ വാങ്ങിയാണ് നട്ടത്. പരിപാലനത്തിന് നല്ലൊരു തുക ചെലവായി. ഓണം വിപണിയില്‍ നല്ല വിലയ്ക്കു പൂക്കള്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ സംസ്ഥാനത്താകെ വന്‍തോതില്‍ പൂകൃഷി നടത്തിയതോടെ തിരിച്ചടി നേരിടുകയായിരുന്നു.
ജില്ലയില്‍ ഏറ്റുമാനൂര്‍, ഉഴവൂര്‍, ഈരാറ്റുപേട്ട, ളാലം, പള്ളം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, മാടപ്പള്ളി, വാഴൂര്‍ ബ്ലോക്കുകളിലായി 100 ഏക്കര്‍ സ്ഥലത്താണ് പൂകൃഷി.
പലസ്ഥലങ്ങളിലും കൃഷി ആരംഭിച്ചതിന്റെയും വിളവെടുപ്പിന്റെയും ഉദ്ഘാടനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു.
വിഷ സാന്നിധ്യം കണ്ടതോടെ അരളി പൂവിന് ഇക്കൊല്ലം ഡിമാന്‍ഡില്ല.
നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പൂക്കള്‍ ആര്‍ക്കും വേണ്ടെങ്കിലും ഇതര സംസ്ഥാനത്തുനിന്നെത്തുന്ന പൂക്കള്‍ക്കു ഡിമാന്‍ഡ് ഏറുകയുമാണ്.