സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിച്ചു
1450880
Thursday, September 5, 2024 11:40 PM IST
കോട്ടയം: ഓണക്കാലത്ത് വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി.
സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരി നല്‍കും. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ റേഷന്‍ വിതരണത്തിനുള്ള ക്രമീകരണം പൂര്‍ത്തിയാക്കിയശേഷം ഈമാസത്തെ വിതരണം ആരംഭിച്ചു.
അരിവിതരണം സംബന്ധിച്ചു ഭക്ഷ്യപൊതുവിതരണ അറിയിപ്പ് പുറത്തിറക്കിയെങ്കിലും റേഷന്‍ സാധനങ്ങള്‍ മിക്ക കടയിലും എത്തിയില്ലെന്ന് ആരോപണമുണ്ട്. മൂന്നാം വാരത്തിലാണു ഓണമെന്നതിനാല്‍ നിലവിലെ സ്റ്റോക്ക് ക്രമീകരിക്കാതെ വിതരണം എളുപ്പമാകില്ല. കഴിഞ്ഞ മാസം ഓരോ ഇനം അരിയും നിശ്ചിത അളവില്‍ ഓരോ കാര്‍ഡ് ഉടമയ്ക്കും കൊടുക്കണമെന്ന കോംബോ വിതരണരീതിയായിരുന്നു. ഓണം പ്രമാണിച്ച് ഇത് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കിറ്റ് വിതരണത്തിലെയും വേതനത്തിലെയും കുടിശികയും മറ്റും സംബന്ധിച്ച് റേഷന്‍ വ്യാപാരികളുടെ പ്രതിഷേധം നിലനില്ക്കുക്കയാണ്.
വ്യാപാരികള്‍ക്കുള്ള വേതനത്തില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേതും കുടിശികയാണ്. സൗജന്യ കിറ്റുകളുടെ വിതരണം സ്പ്ലൈകോ മാവേലി സ്റ്റോറുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് കിറ്റുകളുടെ വിതരണം റേഷന്‍കടകള്‍ വഴിയാക്കുകയായിരുന്നു.
ഓണക്കിറ്റ് വിതരണം ഒമ്പതിന് ആരംഭിക്കും
കോട്ടയം: റേഷന്‍ കടകള്‍ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഒമ്പതിത് ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക്/നിയോജകമണ്ഡലം അടിസ്ഥാനത്തിലാണ് ഓണച്ചന്തകള്‍. 13 സബ്സിഡി സാധനങ്ങള്‍ക്കു പുറമേ ശബരി ഉത്പന്നങ്ങള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ 200ല്‍പ്പരം നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങള് എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
പഞ്ചസാരയും എല്ലാ വില്പനശാലകളിലും എത്തിക്കും. 255 രൂപയുടെ ആറ് ശബരി ഉത്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചര്‍ കിറ്റ്, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാലു വരെ 10 ശതമാനം അധിക വിലക്കുറവ് നല്കുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം, കോംബോ-ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകള്‍ എന്നിവയും ലഭിക്കും. മഞ്ഞ (എഎവൈ), ബ്രൗണ്‍ (എന്‍പിഐ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ്.