ചുണ്ടനില്‍ തുഴയെറിയാന്‍ ഇനിയും കണ്ടെത്തണം ലക്ഷങ്ങള്‍
1450879
Thursday, September 5, 2024 11:40 PM IST
കുമരകം: നെഹ്റു ട്രോഫിയും സിബിഎല്‍ മത്സരങ്ങളും അനിശ്ചിതത്തിലായതോടെ നിരാശയിലായ വള്ളംകളി ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഓളത്തിളക്കം.
നെഹ്റു ട്രോഫി, കുമരകം, കവണാറ്റിന്‍കര, താഴത്തങ്ങാടി, അയ്മനം ജലമേളകള്‍ നടക്കാനിരിക്കെ വള്ളംകളി പ്രേമികള്‍ ആവേശത്തിലാണ്. നെഹ്റു ട്രോഫി ഉന്നംവച്ച് 10 മുതല്‍ 15 ദിവസം വരെ പരിശീലനം നടത്തി കഴിഞ്ഞപ്പോഴാണ് വയനാട് ഉരുള്‍ ദുരന്തം സംഭവിക്കുന്നതും ആഘോഷങ്ങള്‍ മാറ്റിവച്ചതും.
ഇത് ബോട്ട് ക്ലബ്ബുകളെയാകെ പ്രതിസന്ധിയിലാക്കി. കുമരകം ടൗണ്‍ ബോട്ട് ക്ലബ് 11 ദിവസ പരിശീലനം പൂര്‍ത്തിയാക്കിയപ്പോഴാണ് നെഹ്റു ട്രോഫി അനിശ്ചിതത്തിലായത്. പരിശീലനത്തിനായി 35 ലക്ഷം രൂപയാണു ചെലവായത്. 15 ലക്ഷം രൂപയുടെ കടക്കെണിയിലാണിപ്പോള്‍ ക്ലബ്. ടീമില്‍ 25 ശതമാനം അന്യസംസ്ഥാന താരങ്ങളുണ്ട്. അവരുടെ കൂലിയും ഭക്ഷണവും വിമാന ടിക്കറ്റും ക്ലബ്ബാണു വഹിക്കുന്നത്. ഇനി അടുത്ത ദിവസം അവരെ തിരികെയെത്തിച്ച് 12 ദിവസംകൂടി പരിശീലനത്തുഴച്ചില്‍ നടത്താനാണ് തീരുമാനം. 11നാണു വീണ്ടും തുഴയെറിയുന്നത്.
കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന് ഇപ്പോള്‍ വള്ളപ്പുരയിലാണ്. ശുഭ മുഹൂര്‍ത്തം നോക്കി വള്ളം നീരണിയിച്ചു വീണ്ടും കൊണ്ടുവരേണ്ടതുണ്ട്. കുമരകം ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടനും അടുത്തയാഴ്ച ആദ്യം വീണ്ടും പരിശീലന തുഴച്ചില്‍ ആരംഭിക്കും. വെച്ചുര്പുത്തന്കായല് സ്വാമിക്കല്ല് ഭാഗത്താണു മേല്‍പ്പാടം ചുണ്ടന്റെ ക്യാംപ് പ്രവര്‍ത്തിക്കുക.
ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സിബിസി) യുടെ പരിശീലനത്തുഴച്ചിലും അടുത്തദിവസം ആരംഭിക്കുമെന്ന് ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍ പറഞ്ഞു. ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയദിവാന്‍ജി ചുണ്ടനിലാണു തുഴയറിയുക. ബോട്ട് ക്ലബ്ബുകള്‍ നിലനില്ക്കണമെങ്കില് കടക്കെണിയില്‍നിന്നു കരകയറണം. അതിന് സര്‍ക്കാരും ടൂറിസം വകുപ്പും സഹായിക്കണമെന്നാണ് ബോട്ട് ക്ലബ്ബുകളുടെ ആവശ്യം.