സ്വപ്നതീരത്തേക്ക് കല്ലേറു ദൂരം; പെരുമ്പളം പാലം കരതൊടുന്നു
1450878
Thursday, September 5, 2024 11:40 PM IST
പൂച്ചാക്കല്‍: കേരളത്തിൽ കായലിന് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പെരുമ്പളം പാലത്തിന്റെ നിർമാണം പൂർത്തിയായി. ഒരു കിലോമീറ്ററിലധികം നീളമുള്ള പാലം പൂവണിയുന്നത് അരനൂറ്റാണ്ടിലേറെക്കാലത്തെ പെരുമ്പളം ദ്വീപു നിവാസികളുടെ ചിരകാല സ്വപ്നം കൂടിയാണ്.
പാലത്തിന്റെ ഏറ്റവും ഒടുവിലത്തെ സ്ലാബ് വാർക്കൽ (55 മീറ്റർ നീളം) ചൊവ്വാഴ്ച പൂർത്തിയായി. പാലത്തിന്റെ അന്തിമ ഘട്ട ജോലികളും അപ്രോച്ച് റോഡുകളും പൂര്‍ത്തിയാക്കി ജനുവരിയോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. 1155 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്ററാണ് വീതി. അരൂക്കുറ്റിയിലെ വടുതല ജെട്ടി ഭാഗത്തുനിന്നു തുടങ്ങുന്ന പാലം പെരുമ്പളത്തെ പെരുംചിറ കരി വരെയാണ്.
കൈവരികളുടെയും നടപ്പാതകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കല്‍, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, പെയിന്റിംഗ് തുടങ്ങിയവയാണ് ബാക്കിയുള്ളത്. ഇരുവശങ്ങളിലും ഓരോ മീറ്റര്‍ നടപ്പാതയും കാനയും ഉള്‍പ്പെടെ 9.5 മീറ്ററാണ് അപ്രോച്ച് റോഡിന്റെ വീതി. വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡാണ് ഇനി നിര്‍മിക്കുക.
കിഫ്ബിയില്‍ 100 കോടി രൂപ ചെലവിലാണ് നിര്‍മാണം. 4.86 കോടി രൂപ സ്ഥലമെടുപ്പിനായി അനുവദിച്ചിരുന്നു. 2016 2017 വര്‍ഷത്തെ സംസ്ഥാന ബജറ്റിലേതാണ് പദ്ധതി. 2021 ജനുവരി എട്ടിനാണ് നിര്‍മാണം തുടങ്ങിയത്.
മൂവായിരത്തോളം വീടുകളാണ് ദ്വീപിലുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണക്കരാര്‍. പാലം യാഥാർഥ്യമാകുന്നതോടെ ദ്വീപ് നിവാസികൾക്ക് ബോട്ടും ജങ്കാറും കാത്തുനിൽക്കേണ്ട അവസ്ഥ ഒഴിവാകും. ഗ്രാമത്തിലെ ഭൂമി വില കുതിച്ചുയരും. ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വിപണനമേളയിൽ സ്ഥാനം പിടിച്ച പെരുമ്പളം കുടംപുളി കായൽ കടന്ന് വിപണി കണ്ടെത്തും. പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കിട്ടും. പ്രകൃതിരമണീയമായ പെരുമ്പളത്തേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നതോടെ പഞ്ചായത്തിന്റെ സാമ്പത്തികനില മെച്ചപ്പെടും.
മത്സ്യവ്യവസായം തകർന്നതോടെ പട്ടിണിയിലായ ദ്വീപ് നിവാസികൾക്ക് അനുബന്ധ ജോലികൾ ലഭ്യമാകുകയും ചെയ്യും.