ജനറല്‍ ആശുപത്രിയില്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കുന്നു
1450874
Thursday, September 5, 2024 11:40 PM IST
പാലാ: നാനൂറില്‍പ്പരം ജീവനക്കാര്‍ സേവനം ചെയ്യുന്ന കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉൾപ്പെടെ എല്ലാ ജീവനക്കാരുടേയും ഹാജര്‍ ഇനി ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് വഴിയാക്കുന്നു. ജീവനക്കാര്‍ സമയ ക്ലിപ്തതയില്ലാതെ എപ്പോഴെങ്കിലും വരികയും പോവുകയും ചെയ്യുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഹാജരിലും ജോലി സമയത്തിലും ഇനി തര്‍ക്കത്തിന്റെ കാര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഇതോടൊപ്പം ആശുപത്രി ഫയലുകള്‍ കടലാസ് രഹിതമാക്കാനും മാനേജിംഗ് കമ്മിറ്റി ശിപാര്‍ശ പ്രകാരം നടപടി ഉണ്ടാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് വികസനസമിതി യോഗത്തില്‍ അറിയിച്ചു.
ഇ-ഹെല്‍ത്ത് പദ്ധതി പ്രയോജനം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ക്യാമ്പുകള്‍ നടത്തി എല്ലാവര്ക്കും യുഎച്ച്ഐഡി കാര്‍ഡും രജിസ്ട്രേഷനും ലഭ്യമാക്കും. ഡോക്ടറെ കാണുന്നതിനായുള്ള സമയം മുന്‍കൂര്‍ നിശ്ചയിച്ച് ഒപി വിഭാഗത്തിലെ തിരക്കും കാത്തിരിപ്പും ഒഴിവാക്കുകയാണ് ലക്ഷ്യം.
നേത്രശസ്ത്രക്രിയ പുനരാരംഭിക്കാന്‍ നടപടി
അടുത്ത ബുധനാഴ്ച മുതല്‍ നേത്രശാസ്ത്രക്രിയ തുടങ്ങും. ഇതിനു മുന്നോടിയായി തിയറ്റര്‍ നവീകരിക്കുകയും പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ന്യൂറോളജി വിഭാഗത്തില്‍ പുതിയ ഒപി ആരംഭിക്കും. വ്യാഴാഴ്ച ദിവസമായിരിക്കും ന്യൂറോളജി ഒപി ക്രമീകരിക്കുക.
മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള വൃക്കരോഗികള്‍ക്കു കൂടി കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസിന് സൗകര്യം ലഭ്യമാക്കും. അതതു പഞ്ചായത്ത് പ്രസിഡന്റുമാര്‍ ശിപാര്‍ശ ചെയ്യുന്നവരെയാകും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുക.
പുതിയതായി അഞ്ചു ഡയാലിസിസ് മെഷീനുകള്‍ കൂടി ആശുപത്രിയിലേക്കു ലഭ്യമാക്കും. ആശുപത്രി സേവനങ്ങള്‍ക്കായി ഫീസുകള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം 12 മണിക്കൂറാക്കും. മനോരോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനായുള്ള സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് എസ്റ്റാബ്ലീഷ്മെന്റ് രജിസ്ട്രേഷനും അശുപത്രിക്ക് ലഭിച്ചു
സുരക്ഷാ കാമറകള്‍
സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി കൂടുതല്‍ കാമറകളും ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തി. ആശുപത്രി മന്ദിരത്തില്‍ അനധികൃതമായി കറങ്ങിനടക്കുന്നവരും മാലിന്യം വലിച്ചെറിയുന്നവരും സാമൂഹിക വിരുദ്ധരും ജാഗ്രത. വിശാലമായ ആശുപത്രി കോന്പൗണ്ടിലും ബഹുനില മന്ദിരങ്ങളിലും അനധികൃതമായി പ്രവേശിച്ച് ചികിത്സയ്ക്ക് എന്ന പേരില്‍ കറങ്ങിത്തിരിയുന്നവരെ നിരീക്ഷിക്കാനും കണ്ടെത്താനും വേണ്ടി ആശുപത്രി മന്ദിരങ്ങളും ചികിത്സാ വിഭാഗങ്ങളും പൂര്‍ണമായും കാമറ നിരീക്ഷണത്തിലാക്കി.
ആശുപത്രി അറിയിപ്പുകളും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വാഹന ഉടമകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ക്കുമായി പബ്ളിക് അഡ്രസിംഗ് സിസ്റ്റവും സ്ഥാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും ചികിത്സ തേടുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപടി സ്വീകരിക്കാന്‍ പോലീസ് അധികൃതരോട് മാനേജിംഗ് കമ്മിറ്റി അഭ്യര്‍ഥിച്ചു.
നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗവും അറിയിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി. മാണി.സി. കാപ്പന് എംഎല്‍എ കാർഡുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്മാന് ഷാജു വി. തുരുത്തന് അധ്യക്ഷത വഹിച്ചു.
മാണി സി. കാപ്പന് എംഎല്‍എ, സുപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ലീന സണ്ണി, പി.എ. ലിസിക്കുട്ടി, ബിജു പാലൂപ്പടവന്, ജയ്സണ്‍ മാന്തോട്ടം, പ്രഫ. സതീശ് ചൊള്ളാനി, ജോസ് കുറ്റിയാനിമറ്റം, കെ.എസ്. രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി, പീറ്റര്‍ പന്തലാനി, ബിബിന്‍ പള്ളിക്കുന്നേല്‍, വി.ആര്. വേണു, ടി.കെ. വിനോദ്, ആര്‍എംഒ ഡോ. എം. രേഷ്മ എന്നിവരും പൊതുമരാമത്ത്, നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം, ആരോഗ്യ വകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു.