ചെറുപുഴ ഇനി കാമറ നിരീക്ഷണത്തിൽ
1536319
Tuesday, March 25, 2025 7:25 AM IST
ചെറുപുഴ: ചെറുപുഴ ടൗൺ ഇനി കാമറ കണ്ണുകളുടെ നിരീക്ഷണത്തിലാകും. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് ഐ പദ്ധതി പ്രകാരം ചെറുപുഴ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചെറുപുഴ ടൗണിലും പരിസരങ്ങളിലുമായി കാമറകൾ സ്ഥാപിച്ചത്. ചെറുപുഴ ബസ് സ്റ്റാൻഡ്, സപ്ലൈകോ, മെയിൻ റോഡ് എന്നിവ പൂർണമായും കാമറയുടെ നിരീക്ഷണത്തിലായി. കാര്യങ്കോട് പുഴയോരത്തെ ചിൽഡ്രൻസ് പാർക്ക്, ഭൂതാനം എംസിഎഫ് എന്നിവിടങ്ങളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എട്ട് കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കണ്ണൂർ എൻജിനീയറിംഗ് കോളജിന്റെ മേൽനോട്ടത്തിലാണ് കാമറകൾ സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന പല സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും കാമറ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കാര്യങ്കോട് പുഴയോരത്തെ ചിൽഡ്രൻസ് പാർക്കിൽ കാമറ സ്ഥാപിക്കണമെന്ന് മുന്പേ തന്നെ ആവശ്യമുയർന്നിരുന്നു. ഭൂതാനം എംസിഎഫിൽ മുന്പ് മോഷണവും നടന്നിരുന്നു.