മണിക്കൽ പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുവർഷം: അനുബന്ധ റോഡുകൾ ഇന്നും ദയനീയം
1536317
Tuesday, March 25, 2025 7:25 AM IST
പെരുമ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു മണിക്കൽ പാലം ഏറെ മുറവിളികൾക്ക് ശേഷം യാഥാർഥ്യമായെങ്കിലും അനുബന്ധ റോഡുകളുടെ വികസനം എങ്ങുമെത്തിയില്ല. 2017 മാർച്ച് 23ന് അന്നത്തെ മന്ത്രി ജി.സുധാകരനായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ മന്ത്രി എരുവാട്ടി തലവിൽ റോഡിന് ആവശ്യമായ രീതിയിൽ സ്ഥലം വിട്ടു നൽകിയാൽ മെക്കാഡം ടാറിംഗ് നടത്താം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ 2.5 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ തലവിൽ പ്രദേശത്ത് ചില വ്യക്തികൾ ആവശ്യമായ വീതിയിൽ സ്ഥലം വിട്ടു നൽകാൻ തയാറായില്ല. സ്ഥലം ലഭ്യമാക്കാൻ വേണ്ടത്ര ശ്രമവും നടന്നില്ല. ഇതോടെ റോഡിന്റെ അവസ്ഥ ദയനീയമായി മാറുകയായിരുന്നു.
പഞ്ചായത്ത് എല്ലാ വർഷവും റോഡിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഓരോ മഴയിലും റോഡ് തകരും. ജയിംസ് മാത്യു എംഎൽഎ ആയിരുന്നപ്പോഴും ഇപ്പോഴുള്ള എംഎൽഎ എം.വി. ഗോവിന്ദനും തങ്ങളുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് റോഡിനായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും അവസ്ഥയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല.
മണിക്കൽ പാലത്തിന്റെ മറ്റൊരു അനുബന്ധ റോഡായ ചപ്പാരപ്പടവ്-വിമലശേരി-എരുവാട്ടി -മേരിഗിരി-തേർത്തല്ലി റോഡിന്റെ അവസ്ഥയും ദയനീയമാണ്. ഈ റോഡിന്റെ ഒന്നാം ഘട്ടത്തിൽ ചപ്പാരപ്പടവ് മുതൽ വിമലശേരി വരെ പാലം പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. ഏറെ മുറവിളികൾക്ക് ശേഷമാണ് രണ്ടാംഘട്ട ടാറിംഗിന് ഫണ്ട് പോലും അനുവദിച്ചത്. എന്നാൽ പ്രവൃത്തി തുടങ്ങി വർഷങ്ങളായിട്ടും ഇഴയുകയാണ്.
പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം നടത്തിയിട്ടും ഫലം കണ്ടിട്ടില്ല.തേർത്തല്ലി മുതൽ കൂത്താട്ടു വരെ ഇരിക്കൂർ നിയോജകമണ്ഡലത്തിലാണ്. ഇവിടെയും ടാറിംഗ് ഭാഗികമായേ നടന്നിട്ടുള്ളൂ. 650 മീറ്റർ ദൂരം ഒരു പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുമില്ല. റോഡുകളുടെ അവസ്ഥ ശോചനീയമായി തുടരുന്നതിനാൽ പാലത്തിന്റെ പ്രയോജനം പ്രദേശത്തിന് ലഭിച്ചിട്ടില്ല.