ശ്രീ​ക​ണ്ഠ​പു​രം: കോ​ട്ടൂ​ർ പാ​ല​ത്തി​ന് സ​മീ​പം ഭീ​മ​ൻ തി​ര​ണ്ടി​യെ പി​ടി​കൂ​ടി. മീ​ൻ​പി​ടി​ത്ത​ക്കാ​രാ​യ യു​വാ​ക്ക​ളാ​ണ് 40 കി​ലോ തൂ​ക്കം​വ​രു​ന്ന തി​ര​ണ്ടി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​ജ​ന​ന സ​മ​യ​ത്ത് പു​ഴ​യി​ലേ​ക്ക് ക​യ​റു​ന്ന തി​ര​ണ്ടി​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​മ്പ് ഉ​പ​യോ​ഗി​ച്ച് പി​ടി​കൂ​ടി​യ​ത്. മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഏ​റെ​നേ​രം വെ​ള്ള​ത്തി​ന​ടി​ത്ത​ട്ടി​ൽ മു​ങ്ങി​നി​ന്നാ​ണ് തി​ര​ണ്ടി​യെ അ​മ്പെ​യ്ത് പി​ടി​ക്കു​ന്ന​ത്.

അ​പ​ക​ട​കാ​രി​ക​ളാ​യ തി​ര​ണ്ടി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് സം​ഘം. വ​ള​പ​ട്ട​ണം പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ശ്രീ​ക​ണ്ഠ​പു​രം പു​ഴ​യി​ൽ നേ​ര​ത്തെ​യും തി​ര​ണ്ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ടി​കൂ​ടു​ന്ന തി​ര​ണ്ടി​യെ വി​ൽ​പ്പ​ന ന​ട​ത്താ​റാ​ണ് പ​തി​വ്. തി​ര​ണ്ടി​യെ ല​ഭി​ച്ചെ​ന്ന വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ശ്രീ​ക​ണ്ഠ​പു​രം പാ​ല​ത്തി​ന് മു​ക​ളി​ലും പു​ഴ​ക്ക് സ​മീ​പ​ത്തു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്.