മാലിന്യം വലിച്ചെറിയുന്നവർക്കും തരംതിരിച്ച് നൽകാത്തവർക്കുമെതിരേ നടപടി
1495897
Friday, January 17, 2025 1:04 AM IST
കണ്ണൂർ: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ഹരിതകർമ സേനയക്ക് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നൽകാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കോർപറേഷൻ. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന്റെ തുടർച്ചയായി മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ കോർപറേഷനിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കോർപറേഷനിലെ മുഴുവൻ ടൗണുകളും ഹരിത ടൗണാക്കി മാലിന്യം മുക്തമാക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും നിയമാനുസൃത നോട്ടീസ് നൽകി അടച്ചുപൂട്ടൽ നടപടി സ്വീകരിക്കും. സ്കൂളുകളും അങ്കണവാടികളും സർക്കാർ സ്ഥാപനങ്ങളും ഹരിത ഓഫീസ് സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥാപനങ്ങൾ അടിയന്തരമായി പ്രഖ്യാപിക്കാനുള്ള നിർദേശം ആരോഗ്യവിഭാഗം നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൈവ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ രണ്ട് ബക്കറ്റുകൾ വയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.
ഡപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എം.പി. രാജേഷ്, കോർപറേഷൻ അഡിഷണൽ സെക്രട്ടറി എ. എസ്. ജയകുമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.