കോയിപ്രത്ത് ഖനനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1495906
Friday, January 17, 2025 1:04 AM IST
കണ്ണൂർ: വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനഃരാരംഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ പരിശോധനകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതു സംബന്ധിച്ച് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. നിയന്ത്രണമില്ലാത്ത ഖനനം പരിസ്ഥിതി പ്രശ്നങ്ങൾക്കും മനുഷ്യന്റെ നിലനില്പിനും ഭീഷണിയുയർത്തുന്നതാണ്. ശുദ്ധവായുവും വെള്ളവും ലഭിക്കുന്നതിനും സ്വസ്ഥമായി ജീവിക്കുന്നതിനുമുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും ഇവ ഹനിക്കപ്പെടാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോയിപ്രത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കെ.പി. മുഹമ്മദ് ഇസ്ഹാഖും പ്രദേശവാസികളും സമർപ്പിച്ച പരാതിയിലാണ് നടപടി.
അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിരവധി തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും ഖനനം തുടർന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾക്കായി ജിയോളജിസ്റ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. അനധികൃത ഖനനം നിർത്തിവച്ചതായി ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. ഖനനത്തിന്റെ ഭാഗമായി രൂപപ്പെട്ട കുഴികളിൽ ഭാഗികമായി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും ജിയോളജിസ്റ്റ് അറിയിച്ചു.