ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
1496198
Saturday, January 18, 2025 1:47 AM IST
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ് - തലശേരി റൂട്ടിൽ പൊന്ന്യത്താണ് സംഭവം. മട്ടന്നൂർ കളറോഡ് സ്വദേശിനി റുഖിയയാണ് (72) മരിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് അതീവ ഗുരുതരവസ്ഥയിൽ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കെഎൽ 58 എകെ 3777 എന്ന നമ്പർ ബോർഡ് വച്ച കാർ സൈഡ് നൽകാതിരുന്നത്. മൂന്നു തവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലമുണ്ടായിട്ടും കാർ യാത്രക്കാരൻ സൈഡ് തന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ ശരത്ത് പറഞ്ഞു.
റുഖിയയുടെ നില അപകടത്തിലായതിനാൽ മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു ഡോക്ടർ ഉൾപ്പെടെ ആംബുലൻസിൽ കയറുകയും ആംബുലൻസിനുള്ളിൽവച്ച് സിപിആർ നൽകിയുമാണ് യാത്ര തുടർന്നത്. ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കാർ ഓടിച്ചയാൾക്ക് പിഴ ചുമത്തിയതായും ഹാജരാകാൻ നോട്ടീസ് നൽകിയതായും തലശേരി ജോയിന്റ് ആർടിഒ അറിയിച്ചു.