സഫാരി പാർക്കിന് "ചുവപ്പ് കുരുക്ക് '
1496199
Saturday, January 18, 2025 1:47 AM IST
ഷെൽമോൻ പൈനാടത്ത്
ചപ്പാരപ്പടവ്: നാടുകാണിയിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ആനിമൽ സഫാരി പാർക്ക് മെല്ലെപ്പോക്കിൽ. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ സഫാരി പാർക്കായി നാടുകാണി മാറും. മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയെന്നാണ് സർക്കാർ പറയുന്നത്. സഫാരി പാർക്കിനുള്ള ഭൂമിയുടെ സ്കെച്ചും തയാറാക്കി. എന്നാൽ, മുന്നോട്ടുള്ള നടപടികൾ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സിപിഐയുടെ എതിർപ്പാണ് പദ്ധതിക്ക് തടസമായി നിൽക്കുന്നത്.
പ്രഖ്യാപനവും
തുടർനടപടികളും
വേഗത്തിൽ
പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ ഭൂമിയാണു പദ്ധതിക്കായി വിട്ടുനൽകേണ്ടത്. മാസങ്ങൾക്ക് മുന്‍പ് എം.വി.ഗോവിന്ദൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി കൈമാറുന്നതു സംബന്ധിച്ചു തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നല്കി. തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എം.വി.ഗോവിന്ദൻ എംഎൽഎ, കൃഷി, റവന്യു, മൃഗശാല വകുപ്പ് മന്ത്രിമാരുടെ യോഗത്തിലും ഇതുസംബന്ധിച്ചു ചർച്ച ചെയ്തിരുന്നു.
തുടർന്ന്, 300 കോടിയുടെ പദ്ധതിക്ക് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എസ്റ്റേറ്റ് ഭൂമി കൈമാറുന്നതു സംബന്ധിച്ചും പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തെക്കുറിച്ചും പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇവിടെ തൊഴിൽ സംരക്ഷണം മാത്രമല്ല വിഷയമെന്നു തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കറപ്പത്തോട്ടമാണു നാടുകാണിയിലേത്. ഇതു നശിപ്പിച്ചു പാർക്ക് സ്ഥാപിക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. നാടുകാണിയിൽ ഇപ്പോൾ കറപ്പ തൈലം, പുൽത്തൈലം, പാഷൻഫ്രൂട്ട് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. ഇതെല്ലാം പദ്ധതി വരുന്നതോടെ നിലയ്ക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി ഇങ്ങനെ
പ്ലാന്റേഷൻ കോർപറേഷനു കീഴിലുള്ള 257 ഏക്കർ വിസ്തൃതിയുള്ള നാടുകാണി എസ്റ്റേറ്റിൽ ആനിമൽ സഫാരി പാർക്ക്, മൃഗശാല, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുന്നതാണു പദ്ധതി. ഇതിൽ നൂറേക്കറോളം ഭൂമിയിൽ സിംഹം, കടുവ പോലുള്ള അക്രമസ്വഭാവമുള്ള മൃഗങ്ങളെ കൂട്ടിലടച്ചു വളർത്താനും ബാക്കി സ്ഥലത്തു സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങളെ പ്രത്യേകം വിഹരിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണു പരിഗണിക്കുന്നത്. കാഴ്ചക്കാർക്കു പ്രത്യേക വാഹനങ്ങളിലെത്തി മൃഗങ്ങളെ കാണാൻ സാധിക്കുന്ന സഫാരി പാർക്കാണു വിഭാവനം ചെയ്യുന്നത്.
സോളാർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ലഭ്യമാക്കാനും കൂറ്റൻ മഴവെള്ള സംഭരണി സ്ഥാപിച്ചു വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കാനുമാണ് ആലോചിക്കുന്നത്.
എതിർപ്പുമായി സിപിഐ
2024 ജൂണിലാണ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മൃഗശാലാവകുപ്പിന്റെയും പ്ലാന്റേഷൻ കോർപറേഷന്റെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതു സംബന്ധിച്ച് സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ല. സിപിഐ പ്രാദേശികഘടകവും എഐടിയുസിയും എതിർപ്പുമായി രംഗത്തുവന്നതും പദ്ധതിയുടെ വേഗം കുറയാൻ കാരണമായി. പ്ലാന്റേഷൻ കോർപറേഷന് കീഴിലെ തൊഴിലാളികളെ സംരക്ഷിക്കണം, നാടുകാണിയില്‍ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും, ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടങ്ങളിലൊന്നായ നാടുകാണി എസ്റ്റേറ്റിന്റെ സ്വാഭാവികത നശിക്കും എന്നിവയൊക്കെയാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ.
സ്ഥലകച്ചവടം തകൃതി
സഫാരി പാർക്ക് നിർദേശം വന്നപ്പോൾ തന്നെ ഭൂമാഫിയ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടാൻ ആരംഭിച്ചിരുന്നു. ഇപ്പോൾ സ്ഥലങ്ങൾക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉയരാനും തുടങ്ങി. എന്നാൽ, സ്ഥലത്തെ ചൊല്ലി അഞ്ചു പതിറ്റാണ്ടായി കേസും തുടരുന്നുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികന്റെ ഭൂരേഖ പരിശോധനയിൽ സർക്കാരിന് അനുകൂലവിധി ലഭിച്ചിരുന്നു. 750 കോടിയോളം വിലമതിക്കുന്ന 260 ഏക്കർ ഭൂമിയാണ് വിധിയിലൂടെ സർക്കാരിന് അനുകൂലമായത്. കോളിയാട് എസ്റ്റേറ്റ് മാനേജിംഗ് പാർട്ണർ ആയിരുന്ന പി.ആർ.രാമവർമ രാജയുടെ ലാൻഡ് സീലിംഗ് കേസിലാണ് ഉത്തരവായത്.