വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കൽ; പോലീസ് കേസെടുത്തു
1496201
Saturday, January 18, 2025 1:47 AM IST
തലശേരി: തൃപ്പങ്ങോട്ടൂരിൽ വിവാഹ ആഘോഷത്തിനിടെ ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കം പൊട്ടിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടിലെ നവജാതശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായ സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു.
സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ പതിനട്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയാണ് സ്ഫോടനശബ്ദംകേട്ട് ഭയന്ന് അപസ്മാരം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃപ്പങ്ങോട്ടൂരിലെ അനോളതിൽ മൂസയുടെ മകൻ മഹ്റൂഫിന്റെ കല്യാണത്തിനിടെയായിരുന്നു സംഭവം.
പടക്കം പൊട്ടിച്ചതിന് പുറമെ ബാൻഡ് മേളവും ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. പോലീസ് അനുമതിയില്ലാതെയാണ് ഉഗ്ര ശബ്ദത്തോടെയുള്ള സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിച്ചതെന്നും പരാതിയുണ്ട്.