വീരാജ്പേട്ട തിത്തിമത്തിയിൽ കാട്ടാന കാർ തകർത്തു; അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
1495910
Friday, January 17, 2025 1:04 AM IST
ഇരിട്ടി: വീരാജ്പേട്ടയിൽ നിന്ന് തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനുനേരെ കാട്ടാനയുടെ പരാക്രമം. കാട്ടാനയുടെ ആക്രമണത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി. വീരാജ്പേട്ട സ്വദേശിയായ അരാഫത്ത് മുഹമ്മദും കുടുംബവും ബുധനാഴ്ച രാത്രി 7.30 ഓടെ മൈസൂരുവിലേക്ക് പോകുമ്പോൾ തിത്തിമത്തി മജ്ജിഗെഹള്ളിക്കടുത്തുള്ള വനത്തിൽനിന്നു പൊടുന്നനെ ആന കാറിന് മുന്നിൽ എത്തുകയായിരുന്നു.
കാറിനുള്ളിൽ അരാഫത്ത് മുഹമ്മദിനെ കൂടാതെ അമ്മ ഷാഹിൽ അഷ്റഫ് , ഭാര്യ ഫരീൻ, സഹോദരി സുമയ്യ തബസൂം, സഹോദരിയുടെ മകൻ റഫാൻ എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ അരാഫത്ത് മുഹമ്മദിന്റെ അമ്മയ്ക്കും ഭാര്യക്കും നിസാര പരിക്കേറ്റു.
കാറിന്റെ ഇടതുവശവും മുൻഭാഗവും ഉൾപ്പെടെ പൂർണമായും തകർന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നിലേക്ക് ആന വന്നതോടെ വാഹനം പിന്നോട്ട് എടുക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ലെന്നും ആന ചവിട്ടിയും കുത്തിയും കാറ് തകർക്കാൻ ശ്രമിച്ചതായും ഭാഗ്യം കൊണ്ട് മാത്രമാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്നും അരാഫത്ത് മുഹമ്മദ് പറയുന്നു.
മരണത്തെ മുന്നിൽക്കണ്ട് വാഹനത്തിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചപ്പോൾ പിന്മാറാതെ ആന വാഹനം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ഗ്ലാസുകൾ എല്ലാം ഉടഞ്ഞുവീണു. മുൻഭാഗവും ഇടതുവശവും ആന ചവിട്ടി തകർക്കുകയായിരുന്നു. സംഭവ സമയത്ത് അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ഉൾപ്പെടെ ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്.
രാത്രി ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അപകട മുന്നറിയിപ്പ് ഉണ്ടെങ്കിലും രാത്രിയിലും നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥൻ ദേവരാജ്, ഗോണിക്കുപ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. പ്രദീപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഗോണിക്കുപ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .