വനത്തിനു പുറത്തുള്ള മൃഗങ്ങളെ വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണം: ഇൻഫാം
1495909
Friday, January 17, 2025 1:04 AM IST
ശ്രീകണ്ഠപുരം: കർഷകർക്ക് ദ്രോഹപരമായ വനനിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തയാറായത് കർഷക രോക്ഷം തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും ബിൽ പിൻവലിക്കാൻ തയാറായ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ഇൻഫാം തലശേരി അതിരൂപതാ ഡയറക്ടർ റവ. ഡോ. ലൂക്കോസ് മാടശേരി. ഇൻഫാം നടുവിൽ മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള വന നിയമം പലപ്പോഴും കർഷക ദ്രോഹമായി മാറുന്നു. വനാതിർത്തിയോടു ചേർന്നു കഴിയുന്ന സാധാരണക്കാരായ ജനങ്ങൾ കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്. നിരന്തരം ജീവന് ഭീഷണിയായി വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളാകുന്നു എന്ന് മാത്രമല്ല കൃഷി മേഖല പൂർണമായും നിലച്ചിരിക്കുകയാണ്. എന്നിട്ടും, കർഷകരെ സാഹായിക്കാനുള്ള ഒരു പദ്ധതികളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.
വനത്തിനുള്ളിലെ മൃഗങ്ങളെ സംരക്ഷിക്കുകയും വനത്തിനു പുറത്തുള്ള മൃഗങ്ങളെ വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഇൻഫാം ആവശ്യപ്പെടുന്നത്. സാധാരണക്കാരായ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്കറിയ നെല്ലംകുഴി, ടോമി വടക്കേകര, ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത് എന്നിവർ പ്രസംഗിച്ചു.