കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് സമാപനം
1495907
Friday, January 17, 2025 1:04 AM IST
കുന്നത്തൂർപാടി: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഒരു മാസമായി നടന്നുവന്ന തിരുവപ്പന മഹോത്സവം സമാപിച്ചു. ചോറൂണിനു ശേഷം ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിച്ചു. തിരുവപ്പന ഏറ്റവും ഒടുവിലത്തെ വീത്ത് കരക്കാട്ടിടം വാണവരിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കുകയും മുടിയഴിക്കുകയും ചെയ്തു. തുടർന്ന് അഞ്ഞൂറ്റാനും വണ്ണാനും കരക്കാട്ടിടം വാണവരെ ആചാരം ചെയ്ത് കൈക്കണക്ക് ബോധിപ്പിച്ചു. എല്ലാവർക്കും വാണവർ കോളു നൽകി. കുന്നത്തൂരിലെ ചടങ്ങുകളിൽ പ്രധാനമായ കളിക്കപ്പാട്ട് നടന്നു. ഭക്തജനങ്ങൾ എല്ലാവരും മലയിറങ്ങിക്കഴിഞ്ഞാൽ ചെയ്യുന്ന നിഗൂഢ കർമമാണിത്.
എല്ലാ അടിയന്തരക്കാരും താഴെ പീഠക്കല്ലിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ അഞ്ഞൂറ്റാനാണ് കളിക്കപ്പാട്ട് പാടുന്നത്. ഉത്സവാരംഭദിനത്തിൽ പുരളിമലയിൽനിന്ന് ഇറക്കിക്കൊണ്ടു വന്ന മുത്തപ്പനെ മലകയറ്റി യാത്രയാക്കുന്ന ചടങ്ങുമുണ്ടായിരുന്നു. അഞ്ഞൂറ്റാൻ മുത്തപ്പനെ സങ്കൽപിച്ച് ആചാരം ചെയ്ത് തൊഴുന്നതോടെ മുത്തപ്പൻ മല കയറി യാത്രയാകുന്നുവെന്നാണ് സങ്കല്പം.
ബുധനാഴ്ച മുതൽ പാടിയിൽ വെള്ളാട്ടം, തിരുവപ്പന, പുലർച്ചെ വെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടി. ഡിസംബർ 17 നാണ് കുന്നത്തൂർ മലമുകളിൽ ഉത്സവത്തിന് തുടക്കമായത്. ഇനി അടുത്ത വർഷം വരെ കുന്നത്തൂർ മലമുകളിലെ വനംവകുപ്പിന്റെ അധീനതയിലുള്ള വനമേഖലയിൽ ആരും പ്രവേശിക്കില്ല.