തലശേരി അതിരൂപതയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി
1495912
Friday, January 17, 2025 1:04 AM IST
തലശേരി: സർക്കാർ, സർക്കാർ ഇതര ആനുകൂല്യങ്ങൾ, സംവരണങ്ങൾ, ജനക്ഷേമ പദ്ധതികൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തലശേരി അതിരൂപത ആരംഭിച്ച പുതിയ സംരംഭമായ ഹെൽപ്പ് ഡെസ്ക് ഇരിട്ടിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഹെൽപ്പ് ഡെസ്കിന്റെ പ്രാധാന്യത്തെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ഹെൽപ്പ് ഡെസ്ക് ഡയറക്ടർ ഫാ. ജോസഫ് റാത്തപ്പിള്ളിൽ സംസാരിച്ചു.
വിവിധ സർക്കാർ, സർക്കാർ ഇതര ആനുകൂല്യങ്ങളെ കുറിച്ചും, വിവിധ ഇൻഷ്വറൻസിനെക്കുറിച്ചും, ഇബ്ല്യൂഎസ് സംവരണത്തെക്കുറിച്ചും കിസാൻ സർവീസ് സൊസൈറ്റി നാഷണൽ ചെയർമാൻ ജോസ് തയ്യിൽ ക്ലാസെടുത്തു. ഇരിട്ടി സെന്റ് ജോസഫ് ഇടവക വികാരി ഫാ.ജോസഫ് കളരിക്കൽ സ്വാഗതം പറഞ്ഞു.
തലശേരി അതിരൂപതയിലെ ഇരിട്ടി, ആലക്കോട്, ചെമ്പേരി, തോമാപുരം, പടിമരുത്, പടന്നക്കാട് എന്നീ റീജണുകളായി തിരിച്ച് ഇടവകയിൽ നിന്നുള്ള വോളന്റിയേഴ്സിനായി പരിശീലന പരിപാടികൾ നടത്തി. ഇവരുടെ സഹായത്തോടെ ഓരോ ഇടവകകളിലും ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും.