കാർഷിക രംഗത്ത് 2375 കോടിയുടെ പദ്ധതികൾ നടപ്പാക്കും: മന്ത്രി പി. പ്രസാദ്
1495901
Friday, January 17, 2025 1:04 AM IST
ആലക്കോട്: 2025 മുതൽ അഞ്ച് വർഷകാലത്തേക്ക് സംസ്ഥാനത്തെ കാർഷിക രംഗത്ത് കൃഷി വകുപ്പ് 2375 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇരിക്കൂർ കർഷകസംഗമം "അഗ്രി ഫെസ്റ്റ് 25'ന്റെ സമാപന സമ്മേളനം നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 30,000 ഹെക്ടറിലെ റബർ റീപ്ലാന്റിംഗിനും റബർ മേഖലയുടെ ഉണർവിനുമായി 250 കോടിയോളം രൂപ നീക്കി വച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ഇടപെടുന്നതിന്റെ ഭാഗമായി ബി-ടു-ബി മീറ്റുകൾ സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകൾ വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കിയ ഉപകരണങ്ങൾ കാർഷിക മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മഹാഭൂരിപക്ഷം കർഷകരും കാർഷിക മേഖലയുടെ പ്രാഥമിക ഘട്ടത്തിലാണ് ഇടപെടുന്നത്. ഇതുകൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനമാർഗത്തിലേക്ക് എത്താൻ പ്രയാസമാണ്. ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉത്പാദിപ്പിച്ചവരാണ്. എന്നാൽ, കർഷകന്റെ ഉത്പന്നത്തിന് മാത്രം വിലയിടാൻ കർഷകന് അവകാശമില്ല. ഇവിടെയാണ് കൃഷിയുടെ മറ്റൊരു ഘട്ടത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത്. അത് ദ്വിതീയ കൃഷിയാണ്.
ഉത്പന്നത്തിന് വിലയിടാനുള്ള അവകാശം ഉത്പാദകന് ലഭ്യമാകുന്ന തരത്തിലേക്ക് കൃഷിയെ മാറ്റാനാകണം. തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്, കപ്പയിൽ നിന്നും ചിപ്സ് പോലുള്ളവ ഉണ്ടാക്കുന്നത്, വാഴക്കുല ഉപ്പേരിയോ പൊടിയോ ആക്കി മാറ്റുന്നതെല്ലാമാണ് ഇതിൽ വരുന്നത്. പ്രാഥമിക കൃഷിയോടൊപ്പം ദ്വീതിയ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് കൂടുതലായി ഇറങ്ങേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്പെടുത്തി വേണം കൃഷിയുടെ ആസൂത്രണം. കേരളത്തിൽ പതിനായിരം കൃഷിക്കൂട്ടങ്ങൾ നിശ്ചയിച്ചിടത്ത് ഇപ്പോൾ ഇരുപത്തയ്യായിരത്തിലധികം കൃഷിക്കൂട്ടങ്ങളുണ്ട്. കൃഷിയിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കെ. സുധാകരൻ എംപി അധ്യക്ഷനായിരുന്നു. സജീവ് ജോസഫ് എംഎൽഎ, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപ, സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ അംഗം കെ.സി. വിജയൻ, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് താവം ഗ്രാമവേദി അവതരിപ്പിച്ച സാംസ്കാരിക സന്ധ്യയും അരങ്ങേറി.