സ്വകാര്യ മേഖലയിൽ ബ്രൂവറിക്കുള്ള അനുമതി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി: ജെബി മേത്തർ
1496205
Saturday, January 18, 2025 1:47 AM IST
കണ്ണൂർ: പ്രകടന പത്രികയിൽ മദ്യലഭ്യത കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫ് സർക്കാർ തന്നെ സ്വകാര്യ മേഖലയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് ജനവഞ്ചനയും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് യാത്രയക്ക് ജില്ലയിലെ തോട്ടട ബസാർ, വലിയന്നൂർ, മുണ്ടേരി, കോമത്ത്കുന്നുംപുറം, മുഴപ്പാല, മന്പറം കൊറ്റം എന്നീ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ജെബി മേത്തർ.
പ്രകടന പത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമായി ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. സിപിഎമ്മിന് പണമുണ്ടാക്കാനുള്ളതായി സർക്കാരിന്റെ മദ്യനയം മാറിയെന്നും അവർ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുൻ മേയർ ടി.ഒ. മോഹൻ, ഡപ്യൂട്ടി മേയർ പി. ഇന്ദിര, അമൃത രാമകൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, വി.എ. നാരായണൻ, രാജീവൻ എളയാവൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ടി.സി. പ്രിയ, അത്തായി പദ്മിനി, ഇ.പി. ശ്യാമള, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.