കണ്ണൂർ പുഷ്പോത്സവത്തിന് തുടക്കമായി
1495899
Friday, January 17, 2025 1:04 AM IST
കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം-25 കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു, അഗസ്റ്റിൻ തോമസ് എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ രാഗലയം ഗ്രൂപ്പിന്റെ സ്വാഗത നൃത്തം അരങ്ങേറി. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവായ ദേവതീർത്ഥ് വായ കൊണ്ട് വരച്ച മന്ത്രി പി. പ്രസാദിന്റെ ചിത്രം വേദിയിൽ വച്ച് മന്ത്രിക്ക് കൈമാറി. ഉദ്ഘാടനത്തിന് ശേഷം ഗായിക സജില സലീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
ജനുവരി 27 വരെ കണ്ണൂർ പോലീസ് മൈതാനിയിലാണ് പുഷ്പോത്സവം. 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനമാണ് ഇത്തവണ മുഖ്യാകർഷണം. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സറി സ്റ്റാളുകളിൽ വൈവിധ്യമാർന്ന ചെടികളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുഷ്പാലങ്കാരം-വെജിറ്റബിൾ കാർവിംഗ് ക്ലാസുകൾ, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചിയിടൽ, കൊട്ട മെടയൽ, പുഷ്പറാണി-പുഷ്പരാജ മത്സരങ്ങൾ, പുഞ്ചിരി മത്സരം, കാർഷിക ഫോട്ടോഗ്രഫി, മൊബൈൽ ഫോട്ടോഗ്രഫി മത്സരങ്ങൾ, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കും.
മികച്ച നഴ്സറി ഡിസ്പ്ലേ തയാറാക്കുന്ന സ്റ്റാൾ ഉടമകൾക്ക് പ്രത്യേക സമ്മാനം നൽകും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, വനിതാകർഷക കൂട്ടായ്മ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സ്നേഹസംഗമം, ബഡ്സ് സ്കൂൾ കലോത്സവം, കുട്ടി കർഷക സംഗമം എന്നിവയും നടത്തും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമായിരിക്കും. ജനുവരി 27ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.