മൂന്നു മാസമായി പൊളിച്ചിട്ട നടവഴി ഒറ്റദിവസം കൊണ്ട് നേരെയായി
1496204
Saturday, January 18, 2025 1:47 AM IST
എടൂർ: പുനർനിർമാണം നടക്കുന്ന മലയോര ഹൈവേയിൽ വള്ളിത്തോട് മണത്തണ റീച്ചിലെ വെമ്പുഴ ചാലിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മൂന്നുമാസം മുന്പ് പൊളിച്ചിട്ട നടവഴി ദീപിക വാർത്തയെ തുടർന്ന് ഒറ്റദിവസംകൊണ്ട് സഞ്ചാര യോഗ്യമായി.
മൂന്നുമാസം മുന്പ് റോഡ് നിർമാണവുമായി വഴി പൊളിച്ചിട്ടതിനെ തുടർന്ന് സമീപത്തെ വീട്ടുകാരന് വഴി പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബദൽ സംവിധാനവും കരാറുകാരൻ ഒരുക്കിയില്ല. റോഡ് നിർമാണത്തിന്റെ ഭാഗമായി കലുങ്ക് ഉൾപ്പെടെയുള്ളവയുടെ പണി ഒരുമാസം മുന്പ് പൂർത്തിയായിട്ടും നടവഴിയുടെ കാര്യത്തിൽ ഒരു തീരുമാനവുമാകാതെ നീണ്ടു പോകുകയായിരുന്നു.
ഇതു സംബന്ധിച്ച് ദീപിക വാർത്ത നൽകിയതിനു പിന്നാലെ അടുത്ത ദിവസം കരാറുകാരന്റെ ജോലിക്കാരെത്തി ഓവുചാലിന് സ്ലാബിട്ട് നടവഴി പുനഃസ്ഥാപിച്ചു. മലയോര ഹൈവേ ഉൾപ്പെടെ പ്രദേശത്തെ പ്രധാന കരാർ ജോലികൾ ഏറ്റെടുത്ത കന്പനി നിർമാണത്തിന്റെ പേരിൽ വീടുകളിലേക്കടക്കമുള്ള വഴി പൊളിച്ചിട്ട് നേരെയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നതായി ആക്ഷേപമുണ്ട്.