ആറളം ഫാമിൽ ഫെൻസിംഗ് തകർത്ത് എത്തിയ കാട്ടാനകൾ വിളകൾ നശിപ്പിച്ചു
1495911
Friday, January 17, 2025 1:04 AM IST
ഇരിട്ടി: സോളാർ ഫെൻസിംഗ് തകർത്ത് ആറളം ഫാമിലെത്തിയ കാട്ടാനകൾ സമ്മിശ്ര കൃഷിയിടത്തിലെ വാഴയും കപ്പയും ഉൾപ്പെടെ ചെറുവിളകൾ നശിപ്പിച്ചു. മാതൃ കൃഷിത്തോട്ടം ഉൾപ്പെടുന്ന അണുങ്ങോട് മേഖലയിലാണ് ആനകൾ നാശം വിതയ്ക്കുന്നത്. കൂറ്റൻ മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത് ഉള്ളിൽ പ്രവേശിക്കുന്ന ആനകൾ ഇടവിളകൾക്ക് ഒപ്പം വളരുന്ന തെങ്ങ്, കശുമാവ്, കമുക് ഉൾപ്പെടയുള്ള കൃഷികളും നശിപ്പിച്ചു.
ആനകളെ തുരത്തുന്നതിന് ഫാം ജീവനക്കാരും വനംവകുപ്പും ശ്രമിക്കുന്നുണ്ടെങ്കിലും കൂട്ടമായി എത്തുന്ന ആനകൾ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. ഫാം ടുറിസം ഉൾപ്പെടെ മുന്നിൽക്കണ്ട് അണുങ്ങോട് മേഖലയിൽ 100 ഏക്കർ സ്ഥലമാണ് സമ്മിശ്ര കൃഷിക്കും മാതൃ കൃഷിത്തോട്ടത്തിനും ഫെൻസിംഗിന് ഉൾപ്പെടെ പൂർത്തിയാക്കി കൃഷിയിറക്കിയിരിക്കുന്നത്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച വകയിൽ നഷ്ടപരിഹാരമായി ആറളം കൃഷി ഫാമിന് വനം വകുപ്പ് 83 കോടി രൂപ നഷ്ടപരിഹാരം നല്കാനുണ്ടെന്നാണ് ഫാമിന്റെ കണക്ക് . വർഷങ്ങളായി നഷ്ടപരിഹാര തുക വർധിപ്പിക്കുക മാത്രമാണ് നടക്കുന്നത്.
ഫാമിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പൈതൃക കൃഷികൾ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൃഷിത്തോട്ടങ്ങളാണ് ഇപ്പോൾ ആനകൾ തകർക്കുന്നത്. ആറളം ഫാമിലെ കൃഷിയിടത്തിലും പുനരധിവാസ മേഖലയിലെ കാടുകളിലും തമ്പടിച്ചിരുന്ന ആനകളാണ് നാശം വിതയ്ക്കുന്നത്. 40 ആനകൾ ഇവിടെ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കെങ്കിലും 70 ആനകൾ ഇവിടെ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.