മുഖ്യമന്ത്രി വാഴ്ത്തുപാട്ടുകൾക്കിടയിലെ വിദൂഷകനാകുന്നു: ജെബി മേത്തർ
1495908
Friday, January 17, 2025 1:04 AM IST
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി വാഴ്ത്തുപാട്ടുകാർക്കിടയിലെ വിദൂഷകനായി മാറിയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിള സാഹസ് കേരള യാത്രക്ക് പാപ്പിനിശേരി, വളപട്ടണം, അഴീക്കോട്, പള്ളിക്കുന്ന്, പുഴാതി, കണ്ണൂർ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.
സാധാരണക്കാരുൾപ്പടെയുള്ളവർ നിരവധി നീറുന്ന പ്രശ്നങ്ങളിൽ കഴിയുന്പോൾ ഇതിനു പരിഹാരം കാണാതെ വാഴ്ത്തുപാട്ടുകാർക്ക് പട്ടും വളയും സമ്മാനിക്കുന്ന അഭിനവ ചക്രവർത്തിയായി മുഖ്യമന്ത്രി മാറി. സർക്കാർ ജീവനക്കാരെ ദ്രോഹിക്കുന്ന പിണറായി വിജയനെ വാഴ്ത്തി പാടുന്നതിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാരുമുണ്ട്. ഇവർ സർവീസ് ചട്ടലംഘനമാണ് നടത്തുന്നതെങ്കിലും നടപടിയെടുക്കേണ്ടവർ തന്നെ ഇതിന് പ്രോത്സാഹനം നൽകുകയാണെന്നത് അത്യന്തം അപലപനീയമാണെന്നും ജെബി മേത്തർ എംപി പറഞ്ഞു.
ഇന്നലെ ജില്ലയിൽ വിവിധയിടങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങൾ യഥാക്രമം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, എഐസിസി അംഗം വി.എ. നാരായണൻ, കോർപറേഷൻ ഡപ്യൂട്ടി മേയർ പി. ഇന്ദിര, മുൻ മേയർ സുമാ ബാലകൃഷ്ണൻ, എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ടി.സി. പ്രിയ, അത്തായി പദ്മിനി, ഇ.പി. ശ്യാമള, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.