കല്യാട് സർക്കാർ ഭൂമിയിലെ അനധികൃത ഖനനം: ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് സാധ്യത
1496200
Saturday, January 18, 2025 1:47 AM IST
കണ്ണൂര്‍: ശ്രീകണ്ഠപുരം കല്യാട്ടെ സര്‍ക്കാര്‍ ഭൂമി കൈയേറി ഖനനം നടത്തുന്നതിനെതിരെ ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. 23നകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റീസ് ടി.ആര്.രവി ഉത്തരവിട്ടത്. അനധികൃത ഖനനം സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി ചുമതലപ്പെടുത്തിയ അഡ്വ. കമ്മീഷൻ നടത്തിയ പരിശോധനയിൽ 220 ഏക്കറോളം സർക്കാർ ഭൂമി കൈയേറി ഖനനം നടത്തിയതായുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയും മൗനാനുവാദത്തിലുമാണ് സർക്കാർ ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം നടത്തിവന്നതെന്ന ഗുരുതരമായ പരാമർശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടായേക്കും.
കല്യാട് വില്ലേജിലെ റീസര്‍വേ 46/1-ലുള്ള 93 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ചെങ്കല്‍ ഖനനം നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ കോടതി നിയോഗിച്ച അഡ്വ. കമ്മീഷണറായ ടി.വി.ജയകുമാര്‍ നമ്പൂതിരിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടലുണ്ടായത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സർക്കാർ സ്ഥലം കൈയേറി ജെസിബി ഉൾപ്പടെയുള്ള യന്ത്രസംവിധാനം ഉപയോഗിച്ച് ഖനനം നടത്തുന്നതായാണ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കോടതി നിയോഗിച്ച അഡ്വ. കമ്മീഷണര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനാവശ്യമായ പോലീസിനെ ലഭിച്ചില്ലെന്നും ജിയോളജിസ്റ്റ് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കോടതിക്ക് മുന്നിലെത്തിയ പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സത്വര ഇടപെടല്‍ വേണമെന്ന നിർദേശത്തോടെയാണ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന റവന്യൂ വകുപ്പ് സെക്രട്ടറി, മൈനിംഗ് ആന്‍ഡ് ജിയോളജിയിലെ ജിയോളജിസ്റ്റ്, കല്യാട് വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അഭിഭാഷക കമ്മീഷണറുടെ അഭ്യര്‍ഥന പാലിക്കാന്‍ വിസമ്മതിച്ചതിലൂടെ തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.