ജാമ്യം വേണോ, പ്ലക്കാര്‍ഡ് പിടിക്കണം
1495597
Thursday, January 16, 2025 1:18 AM IST
കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവെച്ച് കാസര്‍ഗോഡ് ജില്ലാ കോടതി. എംഡിഎംഎ കടത്തിനിടെ അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി അബ്ദുള്‍ സഫ്വാന്റെ (29) ജാമ്യ അപേക്ഷയിലാണ് ജില്ലാ ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവെച്ചത്.
മയക്കുമരുന്നിനെതിരെ ബോധവത്കരണം നടത്തുന്ന പ്ലക്കാര്‍ഡുമായി തുടര്‍ച്ചയായി അഞ്ചുദിവസം പൊതുസ്ഥലത്ത് നില്‍ക്കണം. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നില്‍ക്കേണ്ടത്. "നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജിക്കുക, ലഹരി വഴി നിങ്ങള്‍ക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ കുടുംബത്തെയമാണ് ' എന്നെഴുതിയ പ്ലക്കാര്‍ഡാണ് ഉപയോഗിക്കേണ്ടത്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ നിര്‍ദേശിക്കുന്ന സ്ഥലത്താണ് സഫ്വാൻ നില്‍ക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇതിന്റെ റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് നല്‍കണം. 2024 മെയ് 18 നാണ് 30.6 ഗ്രാം എംഡിഎംഎയുമായി സഫ്വാൻ അറസ്റ്റിലായത്. എട്ടു മാസത്തോളമായി കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ റിമാന്‍ഡിലാണ്. പ്രതി പല പ്രാവശ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് കോടതി ഉപാധിവെച്ചത്.