കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു
1495595
Thursday, January 16, 2025 1:18 AM IST
ഇരിട്ടി: കർണാടക സർക്കാരിന് മുന്നിൽ കീഴടങ്ങിയ ആറു മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ആന്റി നക്സൽ സേനയായ എഎൻഎഫ് കണ്ടെടുത്തു. ഒരു എസ്എസ്ബിഎൽ ഗൺ, മൂന്ന് 303-റൈഫിളുകൾ, ഒരു 762 മോഡൽ പിസ്റ്റൾ, എകെഎസ്-6 ഗൺ, 133 റൗണ്ട് ബുള്ളറ്റുകൾ തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ചിക്കമംഗളൂരു ജില്ലയിൽ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റുകൾ കീഴടങ്ങിയ ഉടൻതന്നെ സേന ഇവർ ഉപയോഗിച്ചിരുന്ന തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു.
വർഷങ്ങളായി ദക്ഷിണേന്ത്യയിലെ കേരളം ഉൾപ്പെടെയുള്ള വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഏറെ ഭീഷണി ഉയർത്തിയിരുന്നു. അംഗബലം കുറവായിരുന്ന മാവോയിസ്റ്റുകൾ പലപ്പോഴായി നടന്ന ഏറ്റുമുട്ടലിൽ മരിക്കുകയും പിടിക്കപ്പെടുകയും ചെയ്തതോടെ സംഘാംഗങ്ങളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ഇതോടെയാണ് അവശേഷിക്കുന്ന സംഘത്തിലെ ചിലർ കർണാടക സർക്കാരുമായി ധാരണയിലെത്തി കീഴടങ്ങിയത്. നിലവിൽ കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകളിൽ ആറുപേർക്കെതിരെയും കേരളത്തിലും കേസുകളുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന കേസുകളിൽ തീർപ്പാകണമെങ്കിൽ കർണാടക-കേരള സർക്കാരുകൾ ചർച്ച നടത്തി ധാരണയിലെത്തേണ്ടതുണ്ട്.
പോലീസിന്റെ വിലയിരുത്തൽ പ്രകാരം മാവോയിസ്റ്റ് സംഘത്തിൽ ഇനി അവശേഷിക്കുന്നത് കോട്ടഹോണ്ട രവിയും സന്തോഷും മാത്രമാണ്. അതേ സമയം ഇവരെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. നിലവിലെ സഹചര്യത്തിൽ കേരളത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന സംഘടനകൾ പ്രവർത്തിക്കുന്നതുകൊണ്ട് ആന്ധ്ര ഉൾപ്പടെയുള്ള മേഖലകളിൽനിന്നുള്ള മാവോയിസ്റ്റ് സംഘം കേരളത്തിൽ എത്തിയേക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
അനുകൂല സംഘടനകളുടെ നീക്കത്തെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയാണ് . ദീർഘകാലം കേരത്തിലെ വനമേഖലയിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ പോലീസ് നടപടികൾ കടുപ്പിച്ചതോടെയും ആഭ്യന്തര പ്രശ്ങ്ങളും കാരണമാണ് കർണാടകയിലേക്ക് പിൻവാങ്ങിയത്. ഇവരിൽ പ്രമുഖനായ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘത്തിലെ ആറു പേർ കീഴടങ്ങിയത്.