ജ്വല്ലറിയിൽനിന്ന് സ്വർണവള കവർന്ന വനിത കളവിനായി വീണ്ടുമെത്തിയപ്പോൾ പിടിയിൽ
1495601
Thursday, January 16, 2025 1:18 AM IST
കണ്ണൂർ: ജ്വല്ലറിയിൽനിന്നു സ്വർണവള കവർന്ന സംഭവത്തിൽ അന്പതുവയസുകാരി അറസ്റ്റിൽ. എളയാവൂർ സ്വദേശിനി റഷീദയെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ ജ്വല്ലറിയിൽ ചൊവ്വാഴ്ച വീണ്ടും സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയപ്പോൾ ജീവനക്കാർ പോലീസിനെ അറിയിച്ചതിനെടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഡിസംബർ 31 ന് ഉച്ചയ്ക്ക് 1.30 പുതിയ ബസ് സ്റ്റാൻഡിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ നിന്നാണ് ഇവർ ഒന്നര പവന്റെ വള കവർന്നത്. പർദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വർണവള കവർന്ന് കടന്നുകളയുകയായിരുന്നു. കട പൂട്ടുന്നതിന് മുന്പായി സ്റ്റോക്കെടുക്കുന്പോഴാണ് ആഭരണത്തിലെ കുറവ് കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷാടാവിനെ കണ്ടെത്തി. ഈ സംഭവത്തിൽ ജ്വല്ലറി ജീവനക്കാരൻ കെ. സജേഷിന്റെ പരാതിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി കഴിഞ്ഞ ദിവസം ഇതേ ജ്വല്ലറിയിൽ വീണ്ടുമെത്തിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നഗരത്തിലെ മറ്റു ചില ജ്വല്ലറികളിൽനിന്നും ഇവർ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.