പുല്ലൂർ ബാങ്കിൽ സിപിഎമ്മിന് തിരിച്ചടി; പുതിയ അംഗങ്ങളെ ചേർത്തത് ഹൈക്കോടതി റദ്ദാക്കി
1495599
Thursday, January 16, 2025 1:18 AM IST
പെരിയ: പുല്ലൂർ സർവീസ് സഹകരണബാങ്കിൽ കോൺഗ്രസിലെ ചേരിപ്പോര് മുതലെടുത്ത് ഭരണം പിടിക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് തിരിച്ചടി. സിപിഎം നിയന്ത്രണത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിൽ 652 പുതിയ അംഗങ്ങളെ ചേർത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ബാങ്കിന്റെ മുൻ പ്രസിഡന്റും നിലവിൽ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ. അരവിന്ദൻ, ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, കോൺഗ്രസ് പ്രവർത്തകനായ പി. പരമേശ്വരൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഇതോടെ നേരത്തേയുണ്ടായിരുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കളമൊരുങ്ങി. നിലവിലുള്ള ബലാബലമനുസരിച്ച് സിപിഎമ്മിന് മത്സരിക്കാമെങ്കിലും യുഡിഎഫിന് തന്നെയാണ് വീണ്ടും വിജയസാധ്യത. എട്ടുവർഷമായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിലാണ്.
അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീട് പ്രസിഡന്റായിരുന്ന ഭരണസമിതി ആഭ്യന്തര തർക്കങ്ങളെ തുടർന്ന് രാജിവച്ചതോടെയാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിലായത്. പിന്നീട് പുതിയ അംഗങ്ങളെ ചേർത്ത് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടന്നതോടെ കോൺഗ്രസ് നേതാക്കൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2019 ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് കേസ് നടപടികൾ മൂലം ആറുവർഷം നീണ്ടുപോയത്.